മട്ടുപ്പാവിലെ കൃഷി: ജയപ്രീതയ്ക്ക് ലണ്ടനിൽനിന്ന് അംഗീകാരം
1488268
Thursday, December 19, 2024 6:14 AM IST
കല്ലടിക്കോട്: മട്ടുപ്പാവിൽ തുടങ്ങിയ കൃഷികേന്ദ്രീകൃത സംരംഭകപ്രവർത്തനങ്ങൾക്ക് കരിമ്പ ഇടക്കുറുശി കപ്പടം സ്കൂളിനു സമീപം താമസിക്കുന്ന തോട്ടിങ്ങൽ ജയപ്രീതക്ക് ലണ്ടൻ ആസ്ഥാനമായുള്ള ടൈം വേൾഡ് റിക്കാർഡ് പുരസ്കാരം.
വൃന്ദാവനം എന്നുപേരിട്ടു നവീകരിച്ച ഈ മട്ടുപ്പാവ് കൃഷിയിൽ ഇനി ഇല്ലാത്തതൊന്നുമില്ല. ഒരു വീട്ടമ്മ കൃഷിക്ക് നൽകുന്ന പ്രാധാന്യം പരിഗണിച്ച് മുമ്പും നിരവധി അംഗീകാരങ്ങൾ ജയപ്രീതയെ തേടിയെത്തിയിരുന്നു.
മധുരചേമ്പ് ടെറസിൽ ഉത്പാദിച്ചതുകൂടി പരിഗണിച്ചാണ് ടൈം വേൾഡ് റിക്കാർഡ്. നനയ്ക്കാനും വിളവെടുക്കാനും മറ്റു പരിചരണത്തിനുമൊക്കെ രാവിലെയും വൈകുന്നേരവും ഏറെ സമയം കൃഷിയിലേക്കിറങ്ങും. വെറുതേ ഇരിക്കുന്ന പതിവില്ല.
കൃഷിയും ടൈലറിംഗും കേക്കുനിർമാണവുമൊക്കെയായി ഞങ്ങൾക്കുകൂടി അഭിമാനം നേടി തരുന്നുവെന്ന് ഭർത്താവും മക്കളും പറഞ്ഞു. കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഉൾപ്പടെ വിവിധ കൂട്ടായ്മകൾ ജയപ്രീതയെ നേരത്തെ ആദരിച്ചിരുന്നു.
കൃഷിസ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറെ അനുയോജ്യമാണ് മട്ടുപ്പാവ് കൃഷിയെന്നും കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് വലിയ ലാഭമെന്നും ജയപ്രീത പറയുന്നു. വിവിധ ഇനം പച്ചക്കറികൾക്ക് പുറമെ താമരയും ആമ്പലും 36 ഇനം പഴവർഗങ്ങളും ജയപ്രീതയുടെ തോട്ടത്തിലുണ്ട്. ടെറസിന് മുകളിൽ ശീതകാല പച്ചക്കറി കൃഷിയുടെ പരിചരണത്തിലാണ് ഇപ്പോൾ.
വളപ്രയോഗത്തിൽ ഏറെ ശ്രദ്ധ പുലർത്തിയാണ് കൃഷി. മാരക രാസവളങ്ങള്ക്കുപകരം വീട്ടില്‍ സ്വന്തമായി നിര്‍മിച്ച ജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. ഭര്‍ത്താവ് പ്രിനേഷും കർഷകനാണ്.