കെഎസ്ഇബിയിൽ കരാർ ജീവനക്കാരുടെ പേരിൽ പകൽക്കൊള്ള: സുമേഷ് അച്യുതൻ
1488270
Thursday, December 19, 2024 6:14 AM IST
ചിറ്റൂർ: സംസ്ഥാനത്തുടനീളം കെഎസ്ഇബിയിൽ കരാർ ജീവനക്കാരുടെ പേരിൽ പകൽക്കൊള്ള നടക്കുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ. വൈദ്യുതി ചാർജ് നിരക്ക് വർധനവിനെതിരെ ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സെക്ഷൻ ഓഫീസുകളിലും വിവിധ തസ്തികളിലായി 10 -12 ഒഴിവുകളിൽ കരാർ നിയമനം നടത്തിയിട്ടുണ്ട്. ഇതിൽ ലൈൻമാൻ, വർക്കർ ഒഴിവുകളാണ് കൂടുതലായുള്ളത്. മന്ത്രിയുടെ ആളോ സിപിഎം കാരോ ആണെന്ന മാനദണ്ഡത്തിലാണ് മുഴുവൻ നിയമനവും നടന്നിരിക്കുന്നത്.
ലൈൻമാൻ, വർക്കർ ഒഴിവുകളിൽ സ്ത്രീകളെ നിയമിക്കാൻ പാടില്ലെന്നാണെങ്കിലും പലയിടത്തും നിയമം കാറ്റിൽ പറത്തിയിട്ടുണ്ട്. കൂടാതെ കരാർ നിയമനത്തിന്റെ മറവിൽ ഒരു വിഭാഗം ബിനാമി പേരുകളിൽ ശമ്പളം എഴുതി എടുക്കുകയാണ്.
ജോലിക്ക് ആളെ നിയമിക്കാതെ ജോലി ചെയ്തതായി രേഖ ഉണ്ടാക്കി വർഷങ്ങളോളം പണം അപഹരിച്ചിട്ടുണ്ട്. ഒരു ദിവസം 850 രൂപ നിരക്കിൽ മാസം 25,000 രൂപയോളമാണ് ഒരു കരാർ നിയമനത്തിന്റെ പേരിൽ തന്നെ അടിച്ചുമാറ്റുന്നത്. ഇത്തരത്തിലുള്ള അഴിമതിയും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയുമുള്ള ധൂർത്തുമാണ് കെഎസ്ഇബി യെ നഷ്ടത്തിലാക്കുന്നത്.
എന്നാൽ നഷ്ടക്കണക്കു നിരത്തി വൈദ്യുതി നിരക്ക് വർധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കാനാണ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും സിപിഎം നിയന്ത്രണത്തിലുള്ള ബോർഡും ശ്രമിക്കുന്നത്. ബിനാമി കരാർ നിയമനം സംബന്ധിച്ചു വിജിലൻസ് അന്വേഷണത്തിനു തയ്യാറായി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അല്ലെങ്കിൽ സമരവും നിയമപോരാട്ടവും നടത്തുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് കെ മധു അധ്യക്ഷത വഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, ആർ. പങ്കജാക്ഷൻ, യൂത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.