വള്ളുവനാട്ടിൽ കർഷകവിലാപം; കാട്ടുപന്നികൾ വിളനാശം തുടരുന്നു
1488275
Thursday, December 19, 2024 6:14 AM IST
ഷൊർണൂർ: പടക്കം പൊട്ടിച്ചും കാവലിരുന്നും മടുത്തു. വിള രക്ഷിക്കാൻ കഴിയാത്ത ദു:ഖത്തിൽ കർഷകർ. കൊപ്പത്ത് കാട്ടുപന്നികൾ ഏക്കർ കണക്കിന് നെൽകൃഷിയാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്.
പകലും രാത്രിയും നെൽവയലുകളിലെത്തി കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങളെ തുരത്താൻ ശ്രമിച്ചിട്ടും പരാജയപ്പെടുന്ന അവസ്ഥയിലാണ് കൊപ്പം പള്ളത്തുപടി പാടശേഖരത്തിലെ കർഷകർ. ഏഴേക്കറോളമുള്ള കൃഷിയിടത്തിലെ മൂന്നേക്കറാണു പന്നികൾ നശിപ്പിച്ചത്. ലാഭകരമാവുമെന്ന പ്രതീക്ഷയിലാണു കർഷകർ കൃഷിയിറക്കുന്നത്. എന്നാൽ പന്നിശല്യം കർഷകരുടെ പ്രതീക്ഷകളെ തകർക്കുകയാണ്.
മുമ്പ് രാത്രികാലങ്ങളിലാണു പന്നികൾ പാടശേഖരങ്ങളിലേക്കു കൂട്ടമായി എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകൽസമയങ്ങളിലും പന്നിശല്യമാണ്. പന്നികളെ തുരത്താൻ ശ്രമിക്കുമ്പോൾ തിരിച്ച് ആക്രമിക്കുമെന്ന ഭയവും കർഷകർക്കുണ്ട്. പന്നിശല്യവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലും കൃഷിഭവനിലുമെല്ലാം പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്.
മുൻവർഷങ്ങളിലെ കൃഷിയുമായി ബന്ധപ്പെട്ട ബാധ്യതകൾ തീർക്കാനായി വീണ്ടും കൃഷിയിറക്കുന്ന ഇവർക്ക് പന്നിശല്യം കൂടുതൽ ബാധ്യതയാവുകയാണ്. ഇതോടെ കൃഷിതന്നെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണു കർഷകർ. പന്നികളെ തുരത്താൻ പലരീതിയിലുള്ള മാർഗങ്ങളും കർഷകർ അവലംബിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പടക്കം പൊട്ടിക്കലും ടിന്നുകളിൽ കൊട്ടി ശബ്ദം ഉണ്ടാക്കലും അടക്കമുള്ള കാര്യങ്ങൾ ഇവർ പരീക്ഷിച്ചിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നുകൊണ്ട് പന്നികൾ കൃഷിനാശം തുടരുകയാണ്.