ആധുനികസംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പാലുത്പാദനം വർധിപ്പിക്കുക ലക്ഷ്യം: മന്ത്രി
1487986
Wednesday, December 18, 2024 4:42 AM IST
ചിറ്റൂർ: ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പാലുത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നു മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി.
പ്ലാച്ചിമടയിലെ ഡോക്ടർ വർഗീസ് കുര്യൻ നഗറിൽ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ ക്ഷീരകർഷകസംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകർഷകർക്കും പശുക്കൾക്കും ഉള്ള ഇൻഷ്വറൻസ് പദ്ധതികൾ വ്യാപകമാക്കും.
കന്നുകാലി ഇൻഷുറൻസ് പദ്ധതിക്കായി എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. പകുതി സബ്സിഡിയിൽ കന്നുകാലികൾക്കായുള്ള ഇൻഷ്വറൻസ് ലഭ്യമാക്കും. ഇൻഷുറൻസ് ഇല്ലാത്ത കന്നുകാലികൾക്ക് മരണം സംഭവിക്കുന്നത് മൂലം കർഷകർക്ക് വരുന്ന നഷ്ടം ഇല്ലാതാക്കാൻ ആണ് ഈ പദ്ധതി എന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കാരണം കേരളത്തിന്റെ പദ്ധതികൾ വെട്ടിക്കുറക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ കന്നുകുട്ടി പരിപാലന പദ്ധതി തുക സംസ്ഥാനം വെട്ടി കുറയ്ക്കില്ല. ഈ വർഷം 22 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി.
മന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, മിൽമ ചെയർമാൻ കെ.എസ്. മണി , ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, പെരുമാട്ടി, വടകരപ്പതി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റിഷ പ്രേംകുമാർ, ജോസി ബ്രിട്ടോ, അനീഷ, എം. സതീഷ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭൻ, മിനി മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗവും കെഎസ്ഇബി സ്വതന്ത്ര ഡയറക്ടറുമായ അഡ്വ.വി. മുരുകദാസ്, ക്ഷീരസംഘം മേധാവികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.