പഴയ കെട്ടിടം പൊളിച്ചുനീക്കാൻ നടപടി തുടങ്ങി
1488280
Thursday, December 19, 2024 6:14 AM IST
ഒറ്റപ്പാലം: നഗരസഭാ ബസ്സ്റ്റാൻഡിലെ പഴയകെട്ടിടം പൊളിച്ചുനീക്കാൻ നടപടിതുടങ്ങി. റോഡിനഭിമുഖമായി നിൽക്കുന്ന കെട്ടിടത്തിലെ വ്യാപാരികളോടു 15 ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസു നൽകി. ഇതു രണ്ടാംതവണയാണ് നൽകുന്നതെന്ന് അധികൃതർ പറഞ്ഞു. ഇനി പൊളിക്കൽ നടപടികളിലേക്കു കടക്കാനാണ് നഗരസഭയുടെ തീരുമാനം.
അഞ്ചുപതിറ്റാണ്ടിലേറെ പഴക്കമുള്ള ഇരുനിലക്കെട്ടിടം അപകടാവസ്ഥയിലാണെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാൻവേണ്ടി നഗരസഭാകൗൺസിൽ തീരുമാനിച്ചത്.
പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയോരത്തെ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നും ഉപയോഗയോഗ്യമല്ലെന്നും തൃശൂർ ഗവ. എൻജിനിയറിംഗ് കോളജിലെ വിദഗ്ധസംഘമാണ് റിപ്പോർട്ട് നൽകിയത്. ബലക്ഷയത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ നഗരസഭയുടെ നിർദേശപ്രകാരമായിരുന്നു സംഘം പരിശോധന നടത്തിയത്.
കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് അടർന്നുവീഴുന്നതും പതിവായിരുന്നു.
കെട്ടിടം പൊളിക്കുന്നതിനെതിരേ
കടയുടമകൾ ഹൈക്കോടതിയിൽ
ഒറ്റപ്പാലം: നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കാനുള്ള തീരുമാനത്തിനെതിരെ കടയുടമകൾ ഹൈക്കോടതിയെ സമീപിച്ചു.
കടമുറി ഉടമകളായ 17 പേരാണ് കെട്ടിടം പൊളിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 33 കടമുറികളാണ് കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നത്. 15 ദിവസത്തിനകം കടമുറികൾ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ടു ഒറ്റപ്പാലം നഗരസഭ രണ്ടാംതവണയും വ്യാപാരികൾക്കു നോട്ടീസ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ഇതോടുകൂടി കെട്ടിടം പൊളിച്ചുനീക്കി പുതിയത് നിർമിക്കാനുള്ള നഗരസഭയുടെ തീരുമാനം നിയമനടപടികളുടെ നൂലാമാലകളിൽ കുടുങ്ങി അനിശ്ചിതാവസ്ഥയിലെത്തുമെന്ന കാര്യവും ഉറപ്പായി.