മംഗലംപാലം ദൈവദാൻ സെന്ററിന്റെ രജതജൂബിലി വർഷത്തിന് തുടക്കം
1490968
Monday, December 30, 2024 5:06 AM IST
വടക്കഞ്ചേരി: അശരണർക്കും അനാഥർക്കും തണലേകുന്ന മംഗലംപാലത്തെ ദൈവദാൻ സെന്ററിന്റെ രജത ജൂബിലി വർഷത്തിന് തുടക്കമായി. ഇന്നലെ രാവിലെ ലളിതമായ പരിപാടികളോടെയായിരുന്നു തുടക്കം.
വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജ് ഡയറക്ടർ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിലിന്റെ കാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പണം നടന്നു.
തുടർന്ന് റവ.ഡോ.മാത്യു ഇല്ലത്തുപറമ്പിൽ ജൂബിലിതിരി തെളിയിച്ചു.
സെന്ററിലെ മദർ സുപ്പീരിയർ സിസ്റ്റർ മേരിയുടെ നേതൃത്വത്തിൽ സെന്ററിലെ സമർപ്പിതരും അമ്മമാരും സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ബ്രദർ ജോബി വെട്ടുവയലിൽ തുടങ്ങിയവർ പങ്കെടുത്തു.
അന്തേവാസികളായ സ്ത്രീകൾക്കെല്ലാം ജൂബിലി ഗിഫ്റ്റായി ആപ്പിൾ വിതരണം ചെയ്തു. അശരണരായ പുരുഷന്മാർക്ക് അഭയം നൽകാൻ സെന്ററിൽ ഒരുങ്ങുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ കൂടി പൂർത്തിയാക്കി കെട്ടിടത്തിന്റെ ഉദ്ഘാടനവും വിപുലമായ ജൂബിലി പരിപാടികളും സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
അശരണരായ 70 പുരുഷൻമാരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. അനാഥരും രോഗികളും നിസഹായരുമായ 200 സ്ത്രീകളെയാണ് ഇവിടെയിപ്പോൾ പരിപാലിക്കുന്നത്.