മണ്ണിന്റെ മണമറിഞ്ഞിട്ടും ഗുണംകിട്ടാതെ..
1490634
Saturday, December 28, 2024 8:08 AM IST
""കുറഞ്ഞ തോതിലും ക്രമരഹിതവുമായ മഴയാണ് ലഭിക്കുന്നതെങ്കിലും ഈ യൂണിറ്റിന് കാർഷിക വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കാനാകും. അനുകൂലമായ ഭൂപ്രദേശം, മണ്ണിന്റെ ക്രിയാശീലത എന്നിവയാണ് സാധ്യതകളിൽ പ്രധാനം. ജൈവാശംസത്തിൽ കുറവാണെങ്കിലും ജലവും പോഷകങ്ങളും നിലനിർത്താനുള്ള ഉയർന്ന ശേഷി, ക്ഷാരമൂലകങ്ങൾ എന്നിവ കാരണം കുന്നിൻപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും ഏറെ ഫലഭൂയിഷ്ടമായി കണക്കാക്കപ്പെടുന്നു''.
പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയെക്കുറിച്ച് സംസ്ഥാന കൃഷിവകുപ്പിന്റെ റിപ്പോർട്ടിലുള്ളതാണ് ഈ പരാമർശം. കാർഷിക കേരളത്തിന്റെ വികസനലക്ഷ്യമിട്ടു 2021ൽ തൃശൂർ മണ്ണുത്തി കേരള കാർഷിക സർവകലാശാല പുറത്തുവിട്ട പഠനറിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. കാർഷിക, പാരിസ്ഥിതിക മേഖലകളും വിളക്രമങ്ങളും പ്രതിപാദിക്കുന്ന വിശദമായ റിപ്പോർട്ടിൽ കൃഷിവികസനത്തിനു പറ്റിയ മണ്ണാണ് കിഴക്കൻ മേഖല യൂണിറ്റിലേതെന്നു അടിവരയിടുന്നു.
കിഴക്കൻമേഖലയുടെ ദുരവസ്ഥ
കേരളത്തിൽ തന്നെ കൂടിയ താപനിലയും വരൾച്ചയും രേഖപ്പെടുന്ന പ്രദേശമാണിന്ന് ചിറ്റൂർ കിഴക്കൻമേഖല. വരൾച്ച രൂക്ഷമാകുന്പോൾ പുറത്തു വരുന്നൊരു കണക്കുണ്ട്. ഒരുകിലോ നെല്ല് കൃഷിചെയ്തു ഉത്പാദിപ്പിക്കാൻ ഏകദേശം 9000 ലിറ്റർ വെള്ളം വേണമെന്നാണ് ഈ കണക്ക്.
വെള്ളത്തിന്റെ കുറവു തന്നെയാണ് വരൾച്ചയായി വിലയിരുത്തപ്പെടുന്നത്. 1990 കാലഘട്ടം- ലോകരാഷ്ട്രങ്ങൾ ഭൂഗർഭജലം കണ്ടെത്താൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു തുടങ്ങിയ കാലം. അന്ന് രാജ്യത്തുതന്നെ ഏറ്റവുമധികം ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശമായിരുന്നു പാലക്കാടൻ ചുരം. പിന്നീട് വർഷങ്ങൾക്കകം സ്ഥിതിയാകെ മാറി. ഭൂഗർഭജലം ഏറ്റവുമധികം ചൂഷണം ചെയ്യപ്പെട്ട പ്രദേശമായി കിഴക്കൻമേഖല ഉൾപ്പെടുന്ന ഈ പ്രദേശംമാറി.
കേരളത്തിൽ ആദ്യമായി കുഴൽകിണർ കുഴിക്കുന്നതിനു സർക്കാർ നിയന്ത്രണം കൊണ്ടുവന്നതും ചിറ്റൂർ ബ്ലോക്കിൽ. കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ഏറ്റവും ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശം ഏറ്റവും കുറഞ്ഞ പ്രദേശമായി മാറുന്നതിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മാത്രമല്ലെന്നു വേണം കർഷകർ വിലയിരുത്താൻ. മനുഷ്യന്റെ ജലചൂഷണം മാത്രമല്ല, കരിന്പനയെന്ന പ്രകൃതിയുടെ ഭൂഗർഭജല മാനേജ്മെന്റ് തകർന്നതും കാരണമായി വിലയിരുത്താം.
കിഴക്കൻമേഖലയുടെ കരുത്ത് ഇന്നും കൃഷിസജീവതയിൽ
പല വിളകളും കൃഷിരീതികളും മണ്മറഞ്ഞെങ്കിലും ജില്ലയുടെ കിഴക്കൻമേഖലയായ ചിറ്റൂർ താലൂക്കിന്റെ കരുത്ത് ഇന്നും കൃഷി തന്നെയാണ്. നെല്ല്, തെങ്ങ് എന്നിവയ്ക്കൊപ്പം പച്ചക്കറിയും നല്ലതോതിൽ കൃഷിചെയ്തുവരുന്നു.
പശുവളർത്തലിൽ തുടങ്ങി ക്ഷീരസംഘങ്ങളിലൂടെയുള്ള വിപണനം വരെ തുടരുന്ന ക്ഷീരമേഖലയുടെ ഉണർവും കർഷകവിജയഗാഥ വിളിച്ചോതുന്നു. ഇതെല്ലാം എത്രത്തോളംവരെ എന്ന ചോദ്യവും കർഷകർ ഉന്നയിക്കുന്നു. ഓരോ സീസണിലും കുറഞ്ഞുവരികയാണ് നെൽകൃഷി.
വെള്ളത്തിന്റെ ലഭ്യതക്കുറവും തൊഴിലാളിക്ഷാമവും ലാഭക്കുറവും നെല്ലുവില ലഭിക്കാത്തതുമെല്ലാം കർഷകരെ പിന്നോട്ടടുപ്പിക്കുന്നു. നെല്ലറയിലെ പ്രധാന നെല്ലുത്പാദന കേന്ദ്രമായ ചിറ്റൂർ താലൂക്കിൽ നെൽകൃഷിയുടെ വ്യാപ്തി കുറഞ്ഞുവരുന്നതായും സർക്കാർ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കരയാൻപോലുമാകാതെ കേരകർഷകർ
വളരെ പ്രതീക്ഷയോടെ നീങ്ങിയിരുന്ന കേരകർഷകർ അന്തംവിട്ടുനിൽക്കുന്ന അവസ്ഥയിലാണ്. നാളികേര ഉത്പാദനം നന്നേ കുറഞ്ഞു. തോപ്പുകളിൽ കാണുന്നതു കെട്ടിക്കിടക്കുന്ന നാളികേരങ്ങൾ. പൊതിച്ച തേങ്ങയ്ക്കു വിപണയിൽ വിലയുണ്ട്. പൊതിക്കാത്ത തേങ്ങ തമിഴ്നാട്ടിലേക്കു കയറ്റിപ്പോകുന്നുണ്ടെങ്കിലും കർഷകനു ലഭിക്കുന്നതു നാമമാത്രമായ തുക.
നാളികേര ഉത്പാദനത്തിൽ പ്രതീക്ഷ വേണ്ടെന്നും തെങ്ങുകൃഷി നഷ്ടത്തിലേക്കെന്നും ഉറപ്പിച്ച മട്ടിലാണ് കേരകർഷകർ.
ക്ഷീരകർഷകർക്കു പറയാനുള്ളതും ദുരിതക്കഥ തന്നെ. രാവുംപകലും പണിയെടുത്താലും ലഭിക്കുന്നതു നാമമാത്ര ലാഭമെന്നു കർഷകർ പറയുന്നു. എങ്കിലും ക്ഷീരസംഘങ്ങളുടെ ഇടപെടലും കർഷകരുടെ കഠിനാധ്വാനവും ക്ഷീരമേഖലയിൽ ഉണർവിനു കാരണമായിട്ടുണ്ട്.
നുരഞ്ഞുപൊങ്ങാതെ കള്ളുവ്യവസായം
കിഴക്കൻ മേഖലയുടെ പ്രതീക്ഷയായിരുന്നു കള്ളുത്പാദനവും കള്ളുവ്യവസായവും. അന്യജില്ലകളിലേക്കു കയറ്റിപ്പോയിരുന്നതു കിഴക്കൻ മേഖലയിലെ കള്ളാണ്. ഇപ്പോഴും കള്ളുത്പാദനവവും കയറ്റി അയയ്ക്കലും തുടരുന്നുണ്ടെങ്കിലും ഇതെല്ലാം നാശത്തിന്റെ വക്കിലാണ്.
പ്രതിദിനം രണ്ടരലക്ഷം ലിറ്റർ കള്ള് ചിറ്റൂർ മേഖലയിൽനിന്ന് കയറ്റി അയച്ചിരുന്നതു അന്പതിനായിരം ലിറ്ററോളമായി കുത്തനെ ഇടിഞ്ഞതായാണ് പുതിയ കണക്കുകൾ. പതിറ്റാണ്ടുകൾക്കു മുന്പ് കിഴക്കൻമേഖലയിലെ കേരകർഷകർ മിക്കവരും കള്ളുത്പാദനം ലക്ഷ്യമിട്ടാണ് കൃഷിയിലേക്കിറങ്ങിയത്. 2010 കാലഘട്ടംവരെ മികച്ച വരുമാനവും കർഷകർക്കു നേടാനായി. പിന്നീട് ഉത്പാദനം കുറഞ്ഞതോടെ ഷാപ്പുകൾ മിക്കതും അടച്ചുപൂട്ടി. കള്ളുചെത്തിനു തെങ്ങുകൾ വിട്ടുനൽകിയ കർഷകരുടെയും വരുമാനം അതോടെ അടഞ്ഞു. ഇപ്പോൾ നാളികേരം മാത്രം ലക്ഷ്യമിട്ടാണ് കേരകർഷകർ മുന്നോട്ടു നീങ്ങുന്നതെങ്കിലും വിലയിടിവും ഉത്പാദനക്കുറവും വെല്ലുവിളിയായിട്ടുണ്ട്.
ആവിയായിപ്പോയ നീര പദ്ധതി
കേരളത്തിന്റെ പരന്പരാഗതമായ കള്ളുചെത്തു വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ 2014ൽ കൊണ്ടുവന്ന പദ്ധതിയാണ് നീര പ്രോജക്ട്. തൊഴിലാളികൾക്ക് പ്രത്യേകം പരിശീലനം നൽകി തെങ്ങിൽ നിന്നും നീര ശേഖരിച്ച് സംസ്കരണം നടത്തി ഉത്പന്നമായി വിപണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
14 ജില്ലകളെയും ഉൾപ്പെടുത്തി പദ്ധതിക്കായി കന്പനികൾ രൂപീകരിച്ചെങ്കിലും നീര പദ്ധതി ആവിയായിപ്പോയി. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ പാലക്കാടൻ കിഴക്കൻമേഖലയുടെ പ്രതീക്ഷയായിരുന്നു നീര പദ്ധതി. ഇത്രയും തെങ്ങുകളും അധ്വാനികളായ കർഷകരുമുള്ള പ്രദേശമായിട്ടുപോലും പദ്ധതി പച്ചതൊട്ടില്ല.
കിഴക്കൻമേഖലയിലെ പരമാവധി കർഷകർ സഹകരിച്ചെങ്കിലും പാളിച്ചകൾമൂലം പദ്ധതികൾ നിലച്ചു. സർക്കാരിന്റെയും ധനകാര്യസ്ഥാപനങ്ങളുടെയും മോഹന വാഗ്ദാനങ്ങളിൽ അകപ്പെട്ടു നീര പദ്ധതിയിലേക്കു കാലെടുത്തു വച്ചവർ ഇന്നും കടക്കെണിയിലാണ്.
(നാളെ... അവിടെ അങ്ങനെ. ഇവിടെ ഇങ്ങനെ)
കരിന്പനയെ മറന്നതിന്റെ ശിക്ഷ?
കിഴക്കൻമേഖലയുടെ കാർഷിക ശാപത്തിനു പിന്നിൽ കരിന്പനയെ മറന്നതിന്റെ ശിക്ഷയോ. 30 വർഷങ്ങൾക്കു മുന്പ് ചിറ്റൂർ, പൊള്ളാച്ചി സമതല പ്രദേശങ്ങളിൽ തെങ്ങിനേക്കാളും കുടുതലുണ്ടായിരുന്നത് കരിന്പനകളായിരുന്നു. ചിറ്റൂർ കിഴക്കൻമേഖലയിലെ സ്ഥിതിമാറി. കരിന്പനകൾ നാമമാത്രമായി. പൊള്ളാച്ചി മേഖലയിലിന്നും കരിന്പനകൾ കൃഷിയായി പരിപാലിച്ചുവരുന്നുണ്ട്. കഴിഞ്ഞ വർഷം കരിന്പന വളർത്തൽ പുതുപദ്ധതിയുമായി തമിഴ്നാട് സർക്കാർ രംഗത്തെത്തിയിരുന്നു. നഷ്ടപ്രതാപം തിരിച്ചുപിടിച്ച് ഇപ്പോഴതു പുരോഗമിക്കുകയാണ്. വനവത്കരണ പദ്ധതികൾക്കൊപ്പം പച്ചപിടിക്കുകയാണ് തമിഴ്നാട്ടിലെ കരിന്പന വളർത്തൽ പദ്ധതിയും.
ഒരുകാലത്ത് കരിന്പനകൾ പാലക്കാടൻ മണ്ണിന്റെയും വിണ്ണിന്റെയും കാവൽക്കാരായിരുന്നു. ഒരുതുള്ളി ഭൂഗർഭജലം പോലും ചോരാതെ, പാണ്ടിക്കാറ്റിനെ തടഞ്ഞും കടത്തിവിട്ടും ഇവ ആകാശത്തോളം തലയുയർത്തിനിന്നു. പാലക്കാടിന്റെ പ്രതീകമായിരുന്ന കരിന്പനക്കൂട്ടങ്ങളുടെ സീൽക്കാരം പിന്നെയെപ്പോഴോ നിലച്ചു. തമിഴ്നാട്ടിലെ തീച്ചൂളകളിൽ വെന്തുരുകുന്ന വിറകുകൾ മാത്രമായി കരിന്പനകൾ മാറി. ചിറ്റൂരിന്റെ കരളലിയിക്കുന്ന പ്രതിദിനക്കാഴ്ചയായി മാറിക്കഴിഞ്ഞു കരിന്പന മുറിച്ചുനീക്കൽ.
എന്നും വെള്ളത്തിനായി കർഷകർ മുറവിളികൂട്ടുന്ന മഴനിഴൽ പ്രദേശമായ പാലക്കാടൻ ചുരത്തിന്റെ ജീവനാഡിയായിരുന്ന കരിന്പനകൾ ഇന്നു വംശനാശ ഭീഷണിയിലാണ്. ഭൂഗർഭജല സംരക്ഷണത്തിനു മുൻതലമുറക്കാർ പകർന്നു നൽകിയ വഴികളായിരുന്നു പനങ്കൂട്ടങ്ങൾ. അതുവഴി സംരക്ഷിക്കപ്പെട്ടിരുന്നതു പുഴയടക്കമുള്ള ജലസ്രോതസുകളായിരുന്നു.
മുൻതലമുറ വാട്ടർ മാനേജ്മെന്റ്
നൂറ്റാണ്ടുകൾക്കു മുന്പുതന്നെ വാട്ടർ മാനേജ്മെന്റ് വിഷയത്തിൽ മുൻ തലമുറക്കാർ ബുദ്ധിമാന്മാരായിരുന്നു. അവരുടെ പ്രവൃത്തികളെല്ലാം ഭാവി തലമുറയ്ക്കും കൂടിയായിരുന്നു.
ജലം കെട്ടിനിർത്താൻ കുളങ്ങളുണ്ടാക്കി. കുളത്തിനു ചുറ്റും അവർ നൂറുകണക്കിനു കരിന്പനകൾ നട്ടുവളർത്തി. പ്രകൃതി നിയമം അനുസരിച്ച് മരങ്ങളുടെ വേരുകൾ വശങ്ങളിലേക്കേ വ്യാപിക്കൂ. പക്ഷെ കരിന്പനയുടെ ആണിവേര് നേരെ കീഴിലേക്കു ഭൂഗർഭത്തിലേക്കു ചെന്നെത്തും.
ഇന്നും ജലാശയങ്ങൾക്കു ചുറ്റും അതിർവരന്പിടുന്ന കരിന്പനക്കാടുകൾ കിഴക്കൻമേഖലയിലും തമിഴ്നാട്ടിലെ മിക്കയിടങ്ങിലും കാണാം. കരിന്പനകളുടെ വേരുകൾ 75 അടി മുതൽ 100 അടിവരെ ആഴത്തിൽ ചെന്ന് ഭൂഗർഭ ജലം കൂട്ടാൻ വലിയ പങ്കുവഹിക്കുന്നു. മഴവെള്ളം ഒരുതുള്ളി പോലും പാഴാകാതെ സൂക്ഷിക്കാനുള്ള കഴിവു പനകൾക്കുണ്ട്. ഒരു പനയ്ക്ക് 10,000 മുതൽ 25,000 ലിറ്റർ വരെ ഭൂഗർഭജലം സംരക്ഷിക്കാൻ കഴിവുണ്ടെന്നാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ.
വെള്ളത്തിനുവേണ്ടി മുറവിളി കൂട്ടുമെങ്കിലും എന്നും അടങ്ങിക്കഴിഞ്ഞവരാണ് കിഴക്കൻമേഖലയിലെ കർഷകർ. കാലം പതിറ്റാണ്ടുകളായി കടന്നുപോയപ്പോൾ കൃഷികൾ ഇല്ലാതായി എന്നതുമാത്രമാണ് എടുത്തുപറയാവുന്ന കാര്യം. പുഴയും ഉപരിതലജലവും മാത്രമല്ല, മണ്ണിനാവശ്യം ഭൂഗർഭജലമാണെന്ന കാര്യം നാം ഇതിനിടെ മറന്നു. ഭൂഗർഭജല സംരക്ഷകരായ കരിന്പനകളെയും.