വന്യമൃഗങ്ങൾക്കു കുടിവെള്ളമൊരുക്കാൻ വനത്തിനുള്ളിൽ ജൈവതടയണനിർമാണം
1490636
Saturday, December 28, 2024 8:08 AM IST
നെല്ലിയാമ്പതി: വേനൽകാലത്ത് വന്യമൃഗങ്ങൾക്ക് കുടിവെള്ളമൊരുക്കുന്നതിനും കാടിനകത്ത് ജലാംശം നിലനിർത്തുന്നതിനുമായി നെല്ലിയാമ്പതി വനമേഖലയ്ക്കുള്ളിൽ ജൈവ തടയണകൾ നിർമിച്ചു. നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റേയും, നെല്ലിയാമ്പതി വനം വകുപ്പിന്റേയും നേതൃത്വത്തിൽ നേതാജി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് ജൈവ തടയണ പദ്ധതി നടപ്പിലാക്കിയത്.
ചെറുനീർച്ചാലുകൾ ഒഴുകുന്ന സ്ഥലത്ത് കുറുകെയായി വനത്തിൽ നിന്നും ലഭ്യമായ ജൈവ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് തടയണ നിർമാണം. 50 വിദ്യാർഥികളായ യുവാക്കളാണ് ഉദ്യമത്തിൽ പങ്കാളികളായത്. പരിപാടിയുടെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു.
ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ജയേന്ദ്രൻ അധ്യക്ഷനായി. ബിഎഫ്ഒ മാരായ പ്രമോദ്, അഭിലാഷ്, സിഎൽഎൽ ഡയറക്ടർ അശോക് നെന്മാറ, ബിഒഎച്ച് മാരായ ഷാജിമോൻ, ശ്രീജിത് എന്നിവർ നേതൃത്വം നൽകി. ഐശ്വര്യ, അനീഷ, മീര, സജിത്, ചിജീഷ് എന്നിവർ പ്രസംഗിച്ചു.