ആനക്കട്ടി, ഷോളയൂർ ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം
1490706
Sunday, December 29, 2024 4:20 AM IST
അഗളി: അട്ടപ്പാടിയിലെ ആനക്കട്ടി, ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചു.
ആനക്കട്ടി കുടുംബാരോഗ്യകേന്ദ്രം 90.60% സ്കോറും, ഷോളയൂർ 90.15% സ്കോറും നേടിയാണ് ഈ ബഹുമതിക്ക് അർഹരായത്.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, മാതൃ-ശിശു ആരോഗ്യം, പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലി രോഗനിർണയം, പ്രതിരോധ കുത്തിവയ്പ്, ചികിത്സാ ഗുണനിലവാരം, രോഗികളുടെ അവകാശങ്ങളും സേവനങ്ങളും, അണുബാധ നിയന്ത്രണം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പ്രസവവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗുണനിലവാരം, രോഗീപരിചരണം, ലബോറട്ടറി സേവനങ്ങൾ, മാലിന്യനിർമാർജനം എന്നീ മേഖലകളിലെ 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്.
എൻക്യുഎഎസ് അംഗീകാരം നേടുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും, കിടത്തി ചികിത്സയുള്ള സ്ഥാപനങ്ങൾക്ക് ബെഡ് ഒന്നിന് പതിനായിരം രൂപ വീതവും വാർഷിക ഇൻക്രിമെന്റ് ലഭിക്കും. രണ്ടുവർഷം തുടർച്ചയായി ഇൻസെന്റീവും ലഭിക്കും.
തുകയുടെ 75% ആശുപത്രിയുടെയും 25% ജീവനക്കാരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം.
സംസ്ഥാനത്ത് 193 ആരോഗ്യ കേന്ദ്രങ്ങൾ പുതുതായി എൻക്യുഎഎസ് അംഗീകാരവും 83 സ്ഥാപനങ്ങൾ പുനർഅംഗീകാരവും നേടിയിട്ടുണ്ട്.