ജില്ലയിലെ ക്വാറികൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തി
1490709
Sunday, December 29, 2024 4:20 AM IST
പാലക്കാട്: അനധികൃത ക്വാറി, ഖനന പ്രവർത്തികൾ തടയുന്നതിന് സബ് കളക്ടർ ചെയർമാനായുള്ള ഒറ്റപ്പാലം ഡിവിഷണൽ വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ഒറ്റപ്പാലം, പട്ടാന്പി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ നടത്തിയ പരിശോധനകളിൽ നിയമ ലംഘനം നടക്കുന്നതായി കണ്ടെത്തി.വിവിധ ഭാഗങ്ങളിൽ നിന്നായി അനുമതി ഇല്ലാതെ കരിങ്കല്ല് കടത്തിലേർപ്പെട്ട മൂന്ന് ലോറികളും പിടികൂടി.
സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, മൈനിംഗ് ആൻഡ് ജിയോളജി, എൽഎസ്ജിഡി മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി ചെർപ്പുളശേരി, വല്ലപ്പുഴ, കുലുക്കല്ലൂർ എന്നിവിടങ്ങളിലെ കരിങ്കൽ ക്വാറികളിലാണ് പരിശോധന നടത്തിയത്. ചെർപ്പുളശേരിയിലെ അനധികൃത ക്വാറിക്ക് മാസങ്ങൾക്ക് മുന്പ് ഒരു കോടി ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിന് ഉത്തരവായതിനുശേഷവും അവിടെ തുടർച്ചയായി ഖനനം നടക്കുന്നതായി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.
ചെർപ്പുളശേരിയിൽ തന്നെ നഗരസഭ പെർമിറ്റ് നൽകിയ സ്ഥലത്ത് അനുമതി നൽകിയതിലും വളരെ കൂടുതൽ മണ്ണ് കടത്തികൊണ്ടുപോയതായും സർക്കാരിലേക്ക് ലഭിക്കേണ്ട റോയൽറ്റി തുക അടച്ചിട്ടില്ലെന്നും കണ്ടെത്തി. പ്രവർത്തനനുമതിയുള്ള ക്വാറികളിൽ നിന്നും ദൂരപരിധി ലംഘിച്ചും ഖനനം നടക്കുന്നുണ്ടെന്നാണ് കമ്മിറ്റിയുടെ പ്രാഥമിക നിരീക്ഷണം.
പരിശോധന നടത്തിയ സ്ഥലങ്ങളിൽ മോണിറ്ററിംഗ് കമ്മിറ്റിയിലെ വിവിധ വകുപ്പുകൾ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അത് ക്രോഡീകരിച്ചു തുടർ നടപടികൾക്കായി ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ തല വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് സമർപ്പിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.
പരിശോധനയിൽ എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ഹരിദാസ്, സൂപ്രണ്ട് കെ.എം. വിജയൻ, ആരോണ് വിൽസണ്, സുജിത് കുമാർ, കെ.സി. കൃഷ്ണ കുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ വിനീത് എന്നിവരും പങ്കെടുത്തു.