ദൈവത്തോടു ചേർന്നുനിൽക്കാൻ തെരഞ്ഞെടുക്കപ്പെടുന്നവരാണ് വൈദികർ: ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1490703
Sunday, December 29, 2024 4:20 AM IST
അഗളി: ദൈവത്തോടു ചേർന്ന ുനിൽക്കാൻവേണ്ടി ദൈവം തെരഞ്ഞെടുക്കുകയും ചേർത്തുനിർത്തലിന്റെ തണലിൽ സന്തോഷം കണ്ടെത്തുന്നവരുമാണ് വൈദികരെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. അട്ടപ്പാടി ത്രിത്വമല ഹോളി ട്രിനിറ്റി ഇടവകാംഗം ഡീക്കൻ ഐബിൻ പെരുമ്പിള്ളിയുടെ തിരുപ്പട്ട സ്വീകരണ ശുശ്രൂഷയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ദൈവവിളികൾക്കു പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ദൈവം ചിലരെ പ്രത്യേകം വിളിച്ച് തന്റെ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുക്കുന്നു. മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്നതിനുമുന്പേ തെരഞ്ഞെടുത്ത് വിശുദ്ധീകരിക്കുന്നതാണ് ഈ വിളി എന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
തിരുപ്പട്ട ശുശ്രൂഷയിൽ കല്ലേപ്പുള്ളി സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ ഫാ. സജി പനപറമ്പിൽ ആർച്ച് ഡീക്കനായിരുന്നു. കോട്ടയം വടവാതൂർ സെമിനാരി പ്രഫസർ ഫാ. സേവ്യർ മാറാമറ്റം സഹകാർമികത്വം വഹിച്ചു. തിരുപ്പട്ട സ്വീകരണത്തെ തുടർന്ന് നവവൈദികൻ പ്രഥമ ദിവ്യബലി അർപ്പണം നടത്തി. തിരുപ്പട്ടശുശ്രൂഷയ്ക്കായി ദേവാലയത്തിലെത്തിയ ബിഷപ്പിനെയും ഡീക്കൻ ഐബിൻ പെരുമ്പിള്ളിയെയും ഇടവകവികാരി ഫാ. ജോസ് ചെനിയറ, കൈക്കാരന്മാരായ റോയി കടമ്പനാട്ട്, ഷിജു മീന്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. ദൈവവിളികൊണ്ട് സമ്പന്നമായ ത്രിത്വമല ഇടവകയിലെ പന്ത്രണ്ടാമത്തെ വൈദികനാണ് തിരുപ്പട്ടം സ്വീകരിച്ച ഡീക്കൻ ഐബിൻ പെരുമ്പിള്ളിൽ. ത്രിത്വമല ഇടവകയിലെ പെരുമ്പിള്ളിൽ ജോണി - വത്സല ദമ്പതികളുടെ മകനാണ്.