കുനിയമുത്തൂർ സെന്റ് മാർക്സ് ഇടവക തിരുനാളിന് കൊടിയേറി
1490964
Monday, December 30, 2024 5:06 AM IST
കോയമ്പത്തൂർ: കുനിയമുത്തൂർ സെന്റ് മാർക്സ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. ഇന്നലെ ഇടവക വികാരി ഫാ. നോബിൾ പന്തലാടിക്കൽ തിരുനാളിന് കൊടിയേറ്റി ആഘോഷമായ വിശുദ്ധകുർബാന അർപ്പിച്ചു.
ഫാ. ജസ്റ്റിൻ തിരുനാൾ സന്ദേശം നൽകി. ജനുവരി 4 ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയും തുടർന്ന് തിരുസ്വരൂപങ്ങൾ അമ്പ് പന്തലിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യും. തുടർന്ന് അമ്പുകൾ വെഞ്ചരിച്ച് കുടുംബ യൂണിറ്റുകളിലേക്ക് നൽകും. വൈകുന്നേരം 6.30ന് അമ്പ് സമാപനം പള്ളിയിൽ നടക്കും. പ്രധാന തിരുനാൾ ദിനമായ അഞ്ചിന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ.ഡോ. ജിയോ കുന്നത്തുപറമ്പിൽ കാർമികത്വം വഹിക്കും. ഫാ. ഷിബു നടുപറമ്പിൽ, ഫാ. ഫാബിൻ നീലങ്കാവിൽ എന്നിവർ സഹകാർമികരാകും. തുടർന്ന് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റിയുള്ള തിരുനാൾ പ്രദക്ഷിണവും തുടർന്ന് കരിമരുന്ന് കലാപ്രകടനവും ഉണ്ടായിരിക്കും.
ഇടവക വികാരി ഫാ. നോബിൾ പന്തലാടിക്കലിന്റേയും കൈക്കാരന്മാരായ ഷാജു ചാഴൂർ, റോബിൻ റാഫേൽ, തിരുനാൾ കമ്മിറ്റി കൺവീനർ ബിജു കണ്ടത്തിൽ, ജോയിന്റ് കൺവീനർ സണ്ണി ജോസഫ് എന്നിവരുടെയും നേതൃത്വത്തിലാണ് തിരുനാൾ ക്രമീകരണങ്ങൾ നടക്കുക.