കൃഷി ഓഫീസിലെ ഫയൽമോഷണ അന്വേഷണം നിലച്ചു
1490962
Monday, December 30, 2024 5:06 AM IST
ഷൊർണൂർ: കൃഷി ഓഫീസിലെ ഫയൽകവർച്ചക്കേസിൽ തുടരന്വേഷണം നിലച്ചു. ഫയൽ മോഷ്ടിക്കാൻ ക്വട്ടേഷൻ നൽകിയവരെ കണ്ടെത്താനാവാത്തതാണ് അന്വേഷണം നിലയ്ക്കാൻ കാരണമായത്.
മോഷ്ടാവിനെ പിടികൂടിയെങ്കിലും ആർക്കുവേണ്ടിയാണ് ഫയൽ കവർന്നതെന്ന് കണ്ടെത്താൻ പോലീസിനായിട്ടില്ല. ഇത് കണ്ടെത്തുന്നതോടെ നിർണായകമായ പല വിവരങ്ങളും പുറത്തുവരുമെന്ന് കർഷകർ പറയുന്നു. മുൻ കൃഷി ഓഫീസർക്കെതിരേ വിജിലൻസ് ഉൾപ്പെടെയുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഫയൽ കവർന്നത്. കഴിഞ്ഞ ജൂലായ് 31 ന് രാത്രിയായിരുന്നു കൃഷി ഓഫീസിലെ മോഷണം. ആദ്യം ഒന്നും നഷ്ടപ്പെട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് ആഴ്ചകൾനീണ്ട പരിശോധനയിലാണ് 2020-21 വർഷം ഓണച്ചന്ത നടത്തിയതിന്റെ രേഖകളടങ്ങിയ ഫയൽ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയത്.
സമീപത്തെ സിസി ടിവി യിൽനിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ മോഷ്ടാവ് പൂവരണി ജോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മോഷണംനടത്തിയത് ക്വട്ടേഷനായിരുന്നെന്ന് സമ്മതിച്ചെങ്കിലും ആർക്കുവേണ്ടിയാണെന്നതിന് വ്യക്തതയില്ലായിരുന്നു. ഇതോടെയാണ് പോലീസിന്റെ അന്വേഷണം കുഴഞ്ഞത്. മോഷ്ടാവിനെ ലഭിച്ചാൽ ക്വട്ടേഷൻ നൽകിയതാരെന്ന് കണ്ടെത്താമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ.
ഇയാൾ പോലീസിനോട് സഹകരിക്കുന്നില്ലെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. വലിയ ദുരൂഹതയുള്ള ഫയൽകവർച്ചാക്കേസിലെ പോലീസന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലുമാണ്. ഷൊർണൂർ ഇൻസ്പെക്ടർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.