ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാന്പ് സമാപിച്ചു
1490710
Sunday, December 29, 2024 4:20 AM IST
പാലക്കാട്: ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും ത്രീ ഡി ആനിമേഷൻ നിർമാണ സാധ്യതകളും പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാന്പ് സമാപിച്ചു. ജില്ലയിലെ 135യൂണിറ്റുകളിൽ നിന്നും ഉപജില്ലാ ക്യാന്പിൽ പങ്കെടുത്തവരിൽ നിന്നും അനിമേഷൻ പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 98 കുട്ടികൾ പറളി പിഎച്ച്എസ്എസിൽ നടന്ന ക്യാന്പിൽ പങ്കെടുത്തു. ക്യാന്പിന്റെ സമാപനത്തോടനുബന്ധിച്ച് കൈറ്റ് സിഇഒ കെ. അൻവർസാദത്ത് ഓണ്‍ലൈനായി ക്യാന്പംഗങ്ങളുമായി ആശയ വിനിമയം നടത്തി. വീടുകളിലെ സുരക്ഷാ സംവിധാനം ഐഒടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയ്യാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാന്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രൊജക്ട്.
വീടുകളിലെ ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ എല്ലാ ക്യാന്പംഗങ്ങളും തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.