പട്ടാമ്പി തടയണനിർമാണം വീണ്ടും തുടങ്ങി
1490698
Sunday, December 29, 2024 4:20 AM IST
ഷൊർണൂർ: ആശങ്കകൾക്ക് വിരാമം നൽകി പട്ടാമ്പിയിൽ തടയണ നിർമാണം പുനരാരംഭിച്ചു. നിലവിൽ പാർശ്വഭിത്തി നിർമാണമാണ് പുരോഗമിക്കുന്നത്. പണി പൂർത്തിയാക്കി ഈ വേനലിൽ ജലം സംഭരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഭാരതപ്പുഴയിൽ പട്ടാമ്പിക്കടുത്ത് കിഴായൂർ നമ്പ്രംഭാഗത്തുള്ള പാതയിൽനിന്ന് ഞാങ്ങാട്ടിരി ക്ഷേത്രക്കടവിന് സമീപത്തേക്കാണ് തടയണ നിർമിക്കുന്നത്.
തടയണയുടെ പണി പൂർത്തിയായെങ്കിലും ഇരുഭാഗത്തും സംരക്ഷണഭിത്തി കെട്ടാനുള്ള പണിയും ഷട്ടറുകൾ സ്ഥാപിക്കുന്ന പണിയും നടത്തണം. കൂടാതെ തടയണയുടെ അടിഭാഗത്ത് കല്ലുപാകി നിരപ്പാക്കണം. കോൺക്രീറ്റ് ബ്ലോക്കുകളും ശരിയാക്കാനുണ്ട്. അനുബന്ധമായുള്ള ചെറിയചില പണിയും ബാക്കിയുണ്ട്. ഒരു പാർക്കിനുള്ള സൗകര്യമുണ്ടാകത്തക്കവിധം സംരക്ഷണഭിത്തി കെട്ടണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതുകൂടി കണക്കിലെടുത്താണ് സംരക്ഷണഭിത്തി നിർമാണം.
തടയണഭാഗത്തുനിന്ന് നാലുകിലോമീറ്റർ അകലെ ചെങ്ങണാംകുന്ന് റെഗുലേറ്റർവരെയുള്ള പട്ടാമ്പി നഗരസഭാപരിധിയിലും ഓങ്ങല്ലൂർ പഞ്ചായത്തിലുമായുള്ള പുഴയോരഭാഗങ്ങളും പുറമ്പോക്കും പ്രായോജനപ്പെടുത്തി വിനോദസഞ്ചാരാത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് നീക്കം. ഇപ്പോഴും വെള്ളം നിറഞ്ഞുകിടക്കുന്ന ചെങ്ങണാംകുന്ന് റെഗുലേറ്റർ പ്രദേശം പ്രകൃതിരമണീയമാണ്.
അധികം താമസിയാതെ പട്ടാമ്പിതടയണയും വെള്ളിയാങ്കല്ല് റെഗുലേറ്റർ-കം-ബ്രിഡ്ജിനുതാഴെ ഭാരതപ്പുഴയിൽ പണി നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കടവ് റെഗുലേറ്ററും കാങ്കപ്പുഴ റെഗുലേറ്റർ-കം-ബ്രിഡ്ജും പൂർത്തിയായാൽ പട്ടാമ്പി താലൂക്കിലെ നിളയോരംമുഴുവൻ 25 കിലോമീറ്ററോളം തുടർച്ചയായ ജലസമൃദ്ധിയിലാവും. ഇതുവഴി നിർദിഷ്ട കുറ്റിപ്പുറം ഷൊർണൂർ തീരദേശപാതകൂടി വരുന്നതോടെ ഈ ഭാഗം മുഴുവൻ വിനോദസഞ്ചാരികൾക്ക് മനോഹര കാഴ്ചയാണ് നൽകുക. 32.5 കോടിരൂപ ചെലവിൽ നബാർഡ് സഹായത്തോടെ ഭാരതപ്പുഴയുടെ ഇരുകരയിലുമായി 947 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താനുദ്ദേശിച്ചാണ് പട്ടാമ്പി തടയണയുടെ നിർമാണം.