ക്രിസ്തുജയന്തി ജൂബിലി വർഷാഘോഷത്തിന് രാമനാഥപുരം രൂപതയിൽ തുടക്കം
1490963
Monday, December 30, 2024 5:06 AM IST
കോയമ്പത്തൂർ: ക്രിസ്തുവിന്റെ ജനനത്തിന്റെ 2025-മത് വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ അനുസ്മരണമായി ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന് രാമനാഥപുരം രൂപതയിൽ തുടക്കം കുറിച്ചു. തിരുക്കുടുംബത്തിന്റെ തിരുനാളായ ഇന്നലെ രാവിലെ 8.30 ന് രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് രാമനാഥപുരം പരിശുദ്ധ ത്രിത്വത്തിന്റെ കത്തീഡ്രലിൽ ജൂബിലി കവാടം തുറന്ന് ഉദ്ഘാടനം ചെയ്തു. രൂപതയിൽ വിശ്വാസ വർഷം 2024 ന്റെ സമാപനവും ബൈബിൾ പ്രേഷിത വർഷം- 2025 ന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു.
തുടർന്ന് കത്തീഡ്രൽ ദേവാലയത്തിൽ രാമനാഥപുരം രൂപതയ്ക്കു വേണ്ടി ബിഷപിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ സിഎംഐ പ്രേഷിത പ്രൊവിൻസ് വികാർ പ്രൊവിൻഷ്യാൾ ഫാ. വിത്സൻ ചക്യത്ത് സിഎംഐ, രൂപത ചാൻസലർ ഫാ. ജിയോ കുന്നത്തുപറമ്പിൽ, കത്തീഡ്രൽ വികാരി ഫാ.മാർട്ടിൻ പട്ടരുമഠത്തിൽ,രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ.ജയ്സൻ ചോതിരക്കോട്ട്, മൈനർ സെമിനാരി റെക്ടർ ഫാ.സജീവ് ഇമ്മട്ടി, രൂപത കാറ്റിക്കിസം ഡയറക്ടർ ഫാ.അമൽ പാലാട്ടി എന്നിവർ സഹകാർമികരായിരുന്നു.
രൂപതയിലെ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യാൾമാർ, വൈദികർ, സന്യസ്തർ, പാസ്റ്ററൽ കൗൺസിൽ അല്മായ അംഗങ്ങൾ, കൈക്കാരന്മാർ, വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും രൂപതാ ഭാരവാഹികൾ, വൈദിക വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു. കത്തീഡ്രൽ വികാരി ഫാ.മാർട്ടിൻ പട്ടരുമഠത്തിലിനോടൊപ്പം അസിസ്റ്റന്റ് വികാരി ഫാ. നെൽസൻ കളപ്പുരയ്ക്കൽ, കൈക്കാരന്മാരായ ജയ്സൻ പുത്തൂർ, ജെർസൻ ജോർജ്, ബിജു ഇത്താക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.