ബസുകൾ നിർബന്ധമായും സ്റ്റോപ്പുകളിൽ നിർത്തണം: ജില്ലാ വികസനസമിതി
1490702
Sunday, December 29, 2024 4:20 AM IST
പാലക്കാട്: ബസുകൾ നിർബന്ധമായും അതത് ബസ് സ്റ്റോപ്പുകളിൽ തന്നെ നിർത്തണമെന്ന് ജില്ലാ വികസന സമിതിയിൽ ജില്ലാ കളക്ടർ ഡോ.എസ.് ചിത്ര കർശന നിർദേശം നൽകി. പനയന്പാടം വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ തച്ചന്പാറ ജംഗ്ഷനിൽ സ്കൂൾ കുട്ടികളുൾപ്പെടെ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെടുന്ന സാഹചര്യം അഡ്വ.കെ. ശാന്തകുമാരി എംഎൽഎ ജില്ല വികസനസമിതിയിൽ പരാമർശിച്ചതിനെ തുടർന്നാണ് ജില്ല കളക്ടറുടെ കർശന നിർദേശം. ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ, ഫുട് ഓവർ ബ്രിഡ്ജ് എന്നിവ അധ്യാപകരും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് വിഷയം സർക്കാരിനെ അറിയിക്കണമെന്ന് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.
ദേശീയപാതയോരത്തുളള പല ബസ് സ്റ്റോപ്പുകളും കാട് പിടിച്ച് കിടക്കുന്ന സാഹചര്യമുണ്ടെന്നും ബസുകൾ സ്റ്റോപ്പുകളിൽ നിർത്താത്തതിൽ എൻഫോഴ്സ്മെന്റ് ആർടിഒ ശ്രദ്ധ പതിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനടുത്തെ ബസ് സ്റ്റോപ്പ് പ്രയോജനപ്പെടുത്താതെ ജീവനക്കാരുൾപ്പെടെയുളള പൊതുജനങ്ങൾ സിവിൽ സ്റ്റേഷന് മുന്നിൽ ബസ് കാത്തു നിൽക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും ഇതിൽ ആർടിഒയും പോലീസും ശ്രദ്ധ പതിപ്പിക്കണമെന്നും ജില്ല കളക്ടർ വ്യക്തമാക്കി.
കാഞ്ഞിരപ്പുഴ സബ്സ്റ്റേഷൻ നിർമാണം ത്വരിതപ്പെടുത്തണമെന്ന ശാന്തകുമാരി എംഎൽഎയുടെ ആവശ്യപ്രകാരം സൂപ്രണ്ടിംഗ് എൻജിനീയർക്ക് വിഷയത്തിൽ ഇന്ന് തന്നെ കത്ത് നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നെല്ലുസംഭരണതുക വിതരണം കാര്യക്ഷമമാക്കണമെന്ന യോഗത്തിൽ പങ്കെടുത്ത കെ.ബാബു എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. ഒന്നാംവിളയിൽ 49193 കർഷകർ രജിസ്റ്റർ ചെയ്തതായും 34819 കർഷകരിൽ നിന്നും 74182 മെട്രിക്ക് ടണ്‍ നെല്ല് സംഭരിച്ചതായി സപ്ലൈകോ അധികൃതർ അറിയിച്ചു.
നവംബർ 25 വരെ 6430 കർഷകർക്ക് 45.93 കോടി രൂപ പാഡി റെസീപ്റ്റിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചതായും എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി സപ്ലൈകോ അധികൃതർ അറിയിച്ചു. കർഷകരുടെ ഉഴവുകൂലി വിതരണവും കാര്യക്ഷമമാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ജനറൽവിഭാഗം കർഷകർക്കായി ഉഴവ് കൂലിയിനത്തിൽ ജില്ല പഞ്ചായത്ത് അനുവദിച്ച 10 കോടിയിൽ 6.67 കോടിയും പട്ടികജാതി വിഭാഗത്തിനായി അനുവദിച്ച 50 ലക്ഷത്തിൽ 17.98 ലക്ഷവും വിതരണം ചെയ്ത് കഴിഞ്ഞതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
പറന്പിക്കുളം ആളിയാർ കരാർ പ്രകാരം അവകാശപ്പെട്ട ജലം ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും കരാർ പ്രകാരം പ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾ ഇരു സംസ്ഥാനങ്ങളുടേയും ധാരണയോടെ വേണമെന്നിരിക്കെ അല്ലാതെയുളള ചെക്ക് ഡാം നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത് തടയണമെന്നും കോണ്ടൂർ കനാലിലൂടെ തിരുമൂർത്തിയിലേക്ക് ജലം കടത്തുന്നത് തടയണമെന്നും കെ.ബാബു എംഎൽഎയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബുവും യോഗത്തിൽ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ അഡ്വ.കെ. ശാന്തകുമാരി, കെ. ബാബു, ജില്ല പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു എന്നിവർ പങ്കെടുത്തു.