ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നോക്കുകുത്തികളായി
1490708
Sunday, December 29, 2024 4:20 AM IST
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുതായി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നോക്കുകുത്തികളായതായി പരാതി. റോഡ് നിർമാണത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനർനിർണയിക്കുകയും മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
കോൺക്രീറ്റ് ചെയ്ത് രണ്ട് ഭാഗങ്ങളായി ഭിത്തികൾ കെട്ടി മറച്ച് സുരക്ഷിതങ്ങളായിരുന്നു നിലവിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രങ്ങൾ. എന്നാൽ പുതുതായി നിർമിച്ചത് തൂണിൽ ഷീറ്റിട്ടാണ്. ഇരിക്കാൻ 6 ഇഞ്ച് വലുപ്പത്തിലുള്ള കമ്പി വളച്ചുവെച്ചിട്ടുമുണ്ട്. ഇതിൽ 4 പേർക്കു പോലും ഇരിക്കാൻ സാധിക്കില്ല. സ്ത്രീകൾക്ക് നിൽക്കാനോ ഇരിക്കാനോ പോലും പറ്റാത്ത വിധത്തിലാണ് നിർമിച്ചിട്ടുള്ളത്.
പുരുഷൻമാർ കാത്തിരിപ്പ് കേന്ദ്രങ്ങൾക്കകത്ത് കയറിയാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പുറത്ത് വെയിലും ചൂടുമേറ്റാണ് കാത്തുനിൽക്കുന്നത്. കാത്തിരിപ്പ് കേന്ദ്രങ്ങൾ പുതുക്കി വലിപ്പം കൂട്ടി അടച്ചുറപ്പോടെ നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥയെക്കുറിച്ച് കരിമ്പ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.കെ ചന്ദ്രൻ പഞ്ചായത്തിനും സർക്കാരിനും ദേശീയപാത അഥോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.