കാരുണ്യത്തിന്റെ നിലയ്ക്കാത്ത നീരുറവയായി ദൈവദാൻ സെന്റർ
1490642
Saturday, December 28, 2024 8:08 AM IST
വടക്കഞ്ചേരി: അശരണർക്കും അനാഥർക്കും തണലേകുന്ന മംഗലംപാലത്തെ ദൈവദാൻ സെന്റർ രജതജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്നു. നാളെ ദൈവദാൻ സെന്റർ 25 വർഷത്തിലേക്ക് കടക്കും. കൃതജ്ഞതാ ബലിയർപ്പണവുമായി ലളിതമായ പരിപാടികളെ നാളെ ഉണ്ടാകൂ എന്ന് സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബ്രദർ ജോബി വെട്ടുവയലിൽ പറഞ്ഞു.
രാവിലെ ആറരക്ക് വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജ് ഡയറക്ടർ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിലിന്റെ കാർമികത്വത്തിലാകും ദിവ്യബലിയർപ്പണം. അശരണരായ പുരുഷന്മാർക്ക് അഭയം നൽകാൻ സെന്ററിൽ ഒരുങ്ങുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനുണ്ട്. 70 പേർക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. വലിയ സാമ്പത്തിക പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. എങ്കിലും സമയമാകുമ്പോൾ എല്ലാം നടക്കുമെന്ന വലിയ പ്രതീക്ഷയോടെയാണ് ഇവിടുത്തെ സമർപ്പിതരായ സിസ്റ്റേഴ്സിനൊപ്പം ജോബി വെട്ടുവയലിലും.
സ്നേഹവും സാന്ത്വനവും നിറഞ്ഞൊഴുകുന്ന മഹാസമുദ്രമാണ് ദൈവദാൻ സെന്റർ. നിരാലംബരുടെ അഭയകേന്ദ്രം. അശരണരും അനാഥരും രോഗികളും നിസഹായരുമായ 200 സ്ത്രീകളെ ഇവിടെ പരിപാലിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗംപേരും കിടപ്പുരോഗികൾ. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ഇല്ലാതായതോടെ മരുന്നിനുതന്നെ ഇപ്പോൾ കഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് സെന്ററിലെ മദർസുപ്പീരിയർ സിസ്റ്റർ മേരി പറഞ്ഞു.
എങ്കിലും സുമനസുകളുടെ നിർലോഭമായ സഹായങ്ങളിലാണ് സെന്ററിന്റെ നിലനിൽപ്പ്. മദർ തെരേസയെപ്പോലെ ഫാദർ ഡാമിയനെപ്പോലെ അനാഥർക്കും ദരിദ്രർക്കും രോഗികൾക്കുമായി ജീവിച്ച അബ്രഹാം കൈപ്പൻപ്ലാക്കലച്ചന്റെ ഓർമകൾ ജ്വലിക്കുന്ന കേരളത്തിലെ സ്മൃതിമണ്ഡപങ്ങളിൽ ഒന്നാണ് ദൈവദാൻ സെന്റർ. പുറമേ മനോഹരമെന്ന് തോന്നിക്കുന്ന സെന്ററിന്റെ പ്രവർത്തനങ്ങൾ തടസംകൂടാതെ കടന്നുപോകാൻ ഒരുപാടുപേരുടെ പ്രയത്നങ്ങളും പ്രാർഥനകളുമുണ്ട്.
കട്ടിലുകളിൽ നിറയെ നിത്യരോഗികൾ. എന്തിനും ഏതിനും പരസഹായം ആവശ്യമായവർ. മക്കൾക്ക് വേണ്ടാത്ത അമ്മമാർ, ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ, ജീവച്ഛവമായി കിടക്കുന്നർ, അങ്ങനെ കണ്ണുനിറയുന്ന കാഴ്ചകളാണ് ഓരോ ഹാളിലും മുറിക്കുള്ളിലും.
രണ്ടായിരാമാണ്ട് ഡിസംബർ 29 ന് മൂന്ന് വൃദ്ധ സ്ത്രീകളുമായി കൈപ്പൻപ്ലാക്കലച്ചൻ തുടക്കം കുറിച്ച സ്നേഹഭവൻ ഇന്ന് നാനാജാതി മതസ്ഥരായ സ്ത്രീകളുടെ ജീവിത സായാഹ്നത്തിലെ താങ്ങും തണലുമായി മാറിയിരിക്കുന്നു.
ദരിദ്രരിലും അനാഥരിലും ദൈവത്തെ കാണാനും അവരിലൊരാളായി അവർക്കായി സമർപ്പിത ജീവിതം നയിക്കുന്ന സന്യാസിനീസമൂഹമാണ് അന്തേവാസികളുടെ എല്ലാമെല്ലാം. രാവും പകലും വ്യത്യാസമില്ലാതെ ഈ സമർപ്പിതർ നിരാലംബരായ അമ്മമാർക്കൊപ്പമുണ്ട്.
മദർ സിസ്റ്റർ മേരിയുടെ നേതൃത്വത്തിൽ അഞ്ച് സന്യാസിനികളാണ് ഇവിടെയിപ്പോൾ സേവനം ചെയ്യുന്നത്. സിസ്റ്റർ ജോസ്ന, സിസ്റ്റർ അൽഫോൻസ, സിസ്റ്റർ ജോയ്സി, സിസ്റ്റർ ജൂഡി, സിസ്റ്റർ ശാലിനി ഇവരാണ് മറ്റു സമർപ്പിതർ. സമയമാകുമ്പോൾ എല്ലാം ദൈവം തരും എന്ന വിശ്വാസത്തിൽ അധിഷ്ഠിതമാണ് സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ.
ഇത്രയും പേർക്ക് ഭക്ഷണവും വസ്ത്രവും ചികിത്സയും സംരക്ഷണവും യാതൊരു മുൻ നിശ്ചയങ്ങളുമില്ലാതെ എല്ലാം സമയാസമയങ്ങളിൽ ഭംഗിയായി നടക്കുന്നു. വിവിധ ദേശത്തുള്ളവർ അവരുടെ വീടുകളിൽ വിവാഹമോ, ജന്മദിനമോ ജൂബിലിയോ ചരമഅനുസ്മരണങ്ങളോ വിവാഹവാർഷികമോ ഉണ്ടാകുമ്പോൾ എന്തെങ്കിലുമൊക്കെ ഈ അമ്മമാർക്കായി മാറ്റിവയ്ക്കും.
അനേകായിരങ്ങളെ സനാഥരാക്കിയ കൈപ്പൻപ്ലാക്കലച്ചന്റെ സമാനതകളില്ലാത്ത സ്നേഹ ശുശ്രൂഷ തുടർന്നു പോകുന്നത് ഇന്നും വിസ്മയത്തോടെ മാത്രമേ കാണാൻ കഴിയൂ. അച്ചന്റെ കാലശേഷവും പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നു. നിരാലംബരായ അമ്മമാർക്ക് അവരുടെ ജീവിതസായാഹ്നം സന്തോഷകരമാക്കാൻ മനുഷ്യസാധ്യമാകുന്നതെല്ലാം ഓടിനടന്ന് ഒരുക്കുകയാണ് ബ്രദർ ജോബി വെട്ടുവയലിൽ.
ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ വലിയ പ്രോത്സാഹനങ്ങളും നിർലോഭമായ പിന്തുണയുമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്നും പ്രചോദനമായതെന്ന് ജോബി പറയുന്നു. ഇപ്പോൾ രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലും കൂടെയുണ്ടെന്ന് ജോബി പറഞ്ഞു.