മുതലമടയിലെ രാപ്പകൽ സത്യഗ്രഹത്തിനു പിന്തുണയേറുന്നു
1490643
Saturday, December 28, 2024 8:08 AM IST
മുതലമട: വിവിധ ക്ഷേമപദ്ധതി നടത്തിപ്പിന് പഞ്ചായത്ത് ജീവനക്കാരുടെ സേവനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പി. കൽപ്പനാദേവി, വൈസ് പ്രസിഡന്റ് എം. താജുദീൻ എന്നിവർ നടത്തുന്ന രാപ്പകൽ സത്യാഗ്രഹത്തിനു പിന്തുണയേറുന്നു.
ഓരോദിവസവും യുഡിഎഫ് ഭാരവാഹികളും ജനപ്രതിനിധികളും കൂടാതെ സേവന സംഘടനാ പ്രവർത്തകരും സത്യാഗ്രഹ വേദിയിലെത്തി പിന്തുണ വാഗ്ദാനം നൽകി വരികയാണ്.
സമരത്തിന്റെ 12 ാം ദിനമായ ഇന്നലെ പറന്പിക്കുളം തേക്കടി കോളനി താമസക്കാരായ 150 ൽപരം ആദിവാസി കുടുംബക്കാർ കാന്പ്രത്ത്ചള്ള ടൗണിൽ നിന്നും പ്രകടനമായി സമരവേദിയിലെത്തി പ്രസിഡന്റ് പി. കൽപ്പനാദേവി, വൈസ് പ്രസിഡന്റ് എം. താജുദീൻ എന്നിവർക്ക് പൊന്നാട അണിയിച്ച് പിന്തുണ അറിയിച്ചു. ആദിവാസി സംഘടനാ ഭാരവാഹികളായ മാരിയപ്പൻ നീളിപ്പാറ, മുരുകേശൻ സജീവൻ, കെ. ശരവണൻ, ചന്ദ്രൻ ആനമാറി, അല്ലി മൂപ്പൻ കോളനി മൂപ്പൻ രാമൻകുട്ടി, എസ്. അനിത, എം. മാരിയമ്മാൾ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
ഇന്നലെ ഡിസിസി ജനറൽ സെക്രട്ടറി പി. മാധവൻ, മുതലമട മണ്ഡലം പ്രസിഡന്റ് ആർ. ബിജോയ്, ബ്ലോക്ക് പ്രസിഡന്റുമാരായ എ. മോഹനൻ, സി. ഗംഗാധരൻ, സെക്രട്ടറി മുരളി, മുതലമട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാധാകൃഷ്ണൻ, അമാനുള്ള ഉൾപ്പെടെ ഉള്ളവർ സമരവേദിയിലെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ജില്ലാ സംസ്ഥാന ഭാരവാഹികൾ സമരപ്പന്തലിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട.് സത്യാഗ്രഹമാരാംഭിച്ച് 12 ദിവസങ്ങൾ പിന്നിട്ടിട്ടും ജില്ലാ കളക്ടറോ പഞ്ചായത്ത് വകുപ്പ് മേധാവികളോ വിഷയത്തിൽ ഇടപെടാതിരിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.