അവിടെ അങ്ങനെ, ഇവിടെ ഇങ്ങനെ...
1490697
Sunday, December 29, 2024 4:20 AM IST
ചിറ്റൂർ താലൂക്ക് കിഴക്കൻമേഖലയുടെയും സംസ്ഥാന അതിര്ത്തിക്കപ്പുറവും മണ്ണിന്റെ വളക്കൂറിൽ ആർക്കും തർക്കമില്ല. കാലാവസ്ഥയും കൃഷിയറിവുകളും മാറുന്നില്ല. എങ്കിലും അവിടെ അതിർത്തിക്കപ്പുറം അങ്ങനെയാണ് ഇവിടെ ഇങ്ങനെയും. കാലാവസ്ഥാ വ്യതിയാനം ഒരുപോലെ ബാധിക്കുന്നുണ്ടെങ്കിലും മണ്ണറിഞ്ഞുള്ള കൃഷിരീതി തമിഴ് കൃഷിയെ വല്ലാതെ ഉത്തേജിപ്പിക്കുന്നു. വെള്ളത്തിന്റെ ലഭ്യതക്കുറവിൽ പരിഭവം പറയാതെ അവർ ഓരോ തുള്ളിയും ഉപയോഗിച്ചുവരുന്നു. ഒറ്റവിളയിൽ ഒതുങ്ങുന്ന കൃഷിരീതിയുമായി നമ്മൾ മുന്നോട്ടുപോകുന്പോൾ ഒരേ കൃഷിയിടത്തിൽ വിവിധയിനം കൃഷിയിറക്കി നഷ്ടം ലാഭത്തിലേക്കു മാറ്റുകയാണ് തമിഴ്കർഷകർ. നൂതന കൃഷിരീതികൾ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ തമിഴ് കർഷകർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. മണ്ണിൽ മനുഷ്യഇടപെടൽ നേരിട്ടു നടത്തുന്നതും അവർക്കേറെ ഗുണം ചെയ്തിട്ടുണ്ട്.
പന ഒരു വരം
പനൈമരങ്കൾ അഴിന്താൽ പാലൈവനം- (കരിന്പനകൾ ഇല്ലാതായാൽ പ്രദേശം മരുഭൂമിയാകും.) - നമ്മാൾവാർ.
തമിഴ്നാട്ടിലെ കർഷക, പരിസ്ഥിതി സ്നേഹിയായിരുന്ന നമ്മാൾവാർ അന്നും ഇന്നും എന്നും ജൈവ സംസ്കൃതിയുടെ മുൻസൂചികയാണ്. അദ്ദേഹം പനയെ സ്നേഹിച്ചിരുന്നു, പനയോളം. പനയില്ലെങ്കിലുണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങൾ എന്നും ജനങ്ങളുടെ മുന്നിലെത്തിക്കാൻ തന്റെ ജീവിതകാലയളവിൽ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു.
പനയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിയവരാണ് തമിഴ്നാട്ടുകാർ. പൊള്ളാച്ചിയടക്കമുള്ള പ്രദേശങ്ങളിൽ പനഉത്പന്നങ്ങളുടെ ഉത്പാദനം ഗണ്യമായി വർധിച്ചിട്ടുമുണ്ട്. രാജ്യമൊട്ടാകെ ഇവിടെനിന്നും ഇത്തരം ഉത്പന്നങ്ങളെത്തുന്നു. തൊട്ടടുത്ത പ്രദേശമായതിനാൽ കേരളത്തിലേക്കാണ് കൂടുതർ പനഉത്പന്നങ്ങൾ എത്താറുള്ളത്. പനംപഴം മുതൽ പനയുടെ ഓരോ ഭാഗങ്ങളും ഉത്പന്നങ്ങളും വരെ ആരോഗ്യത്തിനു ഗുണകരമാണെന്നാണ് ഇതിലെ വിലയിരുത്തൽ. പനയുടെ കൂന്പ്, ഓല, പൂക്കൾ, കുല, നൊങ്ക്, പഴം, വേര്, കിഴങ്ങ്, കാതൽ എന്നിവയെല്ലാം നമ്മുടെ വിപണിയിലെത്താറുണ്ട്. പനംകൽകണ്ടം, കരുപ്പെട്ടി എന്നിവയും ഔഷധക്കൂട്ടായി നമ്മുടെ ആയുർവേദ മരുന്നുനിർമാണ കന്പനികളിലുമെത്തുന്നു.
കരിന്പനയൊന്നിൽ നിന്ന് പ്രതിവർഷം നാലായിരം രൂപ വരുമാനമുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടുകാർ ഇതു കൃത്യമായി നടപ്പാക്കിവരുന്നു. എന്നാൽ കേരളത്തിലാരും നിർമിച്ച് വിപണിയിലിറക്കാൻ മുന്നോട്ടുവരുന്നില്ലെന്നതാണ് യാഥാർഥ്യം.
കടഞ്ഞെടുത്ത് പോളിഷുചെയ്ത പനന്തടിയിലുള്ള തൂണുകൾക്കും ഫർണിച്ചറിനും ആവശ്യക്കാരേറെയുണ്ട്. പനംകൃഷി ഇത്തരത്തിൽ ഇല്ലാതാക്കാനാണ് കേരളത്തിലെ ബിസിനസുകാരുടെ വ്യഗ്രത.
ഇവിടെ വിപണന സാധ്യതകളില്ല, എല്ലാം വഴിപാട്
തമിഴ്നാട്ടിലെ കർഷകർക്കൊപ്പം സർക്കാരും വിപണന ശൃംഖലകളും ഒന്നിച്ചുനിൽക്കുന്പോൾ വലിയ പരിഗണനയാണ് കർഷകർക്കു ലഭിക്കുന്നത്. ഇതെല്ലാംകണ്ടു നമ്മുടെ കർഷകർക്കു നെടുവീർപ്പിടുക മാത്രമേ നിവൃത്തിയുള്ളു.
ചെറുകിട കച്ചവടങ്ങളിലും ആഴ്ചച്ചന്തകളിലും ഒതുങ്ങിപ്പോകുന്ന നമ്മുടെ വിപണന സംസ്കാരം തുണയാകുന്നില്ലെന്നു കർഷകർ സമർഥിക്കുന്നു. പഞ്ചായത്തുതലങ്ങളിൽ തുടങ്ങിയ സർക്കാർ കാർഷിക വിപണനകേന്ദ്രങ്ങളെല്ലാം പൂട്ടിയ മട്ടാണ്. തമിഴ്നാട്ടിലേതുപോലെ കർഷകർക്കു നേരിട്ടു തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള സാഹചര്യം ഇവിടെയുമുണ്ടാകണം.
അതു നിലനിർത്താൻ സർക്കാർ ഇടപെടൽ കൂടുതൽ ഫലപ്രദമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
പൊള്ളാച്ചിയും പാലക്കാടും
പണ്ടത്തെ തമിഴ് സംഘകാല ചരിത്രത്തിൽ പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പാലക്കാട്. പാലമരങ്ങളുടേതല്ല പനമരങ്ങളുടെ നാടാണ് പാലക്കാട്.
സംഘകാലത്തിൽ പ്രതിപാദിച്ചിട്ടുള്ള അഞ്ചു ഭൂപ്രദേശങ്ങളാണ് മുല്ലൈ, മരുതം, നെയ്തൽ, കുറുഞ്ചി, പാലൈനിലം എന്നിവ. ഇതിൽ പാലൈനിലം എന്ന സമീകൃത പ്രദേശത്തിൽ പെടുന്നവയാണ് പാലക്കാടൻ ഭൂപ്രദേശം. ഇതിൽ ഉൾപ്പെടുന്നവയാണ് ചിറ്റൂരും പൊളളാച്ചിയും. പ്രകൃത്യാതന്നെ വൻ ഭൂഗർഭജല സ്രോതസു കൂടിയ മഴനിഴൽ പ്രദേശമായിരുന്നു പാലക്കാട്. പാലക്കാടിന്റെ കിഴക്കൻമേഖലയെക്കുറിച്ച് സർക്കാർ പഠനറിപ്പോർട്ടിലെ പരാമർശവും ഒന്നുതന്നെ. കോയമ്പത്തൂർ ജില്ലയിൽ കേരളത്തോടു ചേർന്നുകിടക്കുന്ന നഗരമാണ് പൊള്ളാച്ചി. പശ്ചിമ ഘട്ട മലനിരകളിൽ നിന്നും അടുത്തായത് കൊണ്ട് സുഖകരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. പൊഴിൽ വൈട്ച്ചി അതായത് സൗന്ദര്യത്താൽ അനുഗ്രഹീതം എന്ന വാക്കാണ് കാലക്രമേണ പൊള്ളാച്ചിയായി പരിണമിച്ചത്.
അവിടെ തുണയായി ചന്തകൾ, വിപണന സാധ്യതകൾ
പൊള്ളാച്ചി, നാച്ചിപാളയം, വേലന്താവളം മാർക്കറ്റുകൾ അതിർത്തിക്കപ്പുറത്തെ കർഷകർക്കു തുണയാകുന്പോൾ അതിർത്തിക്കിപ്പുറമുള്ളത് കൊടുവായൂർ, പാലക്കാട് ചന്തകൾ മാത്രം. ഇവിടത്തെ കർഷകർക്കു ഗുണം തുലോം കുറവാണ്, അതിനു കാരണമുണ്ട്, ഈ ചന്തകളിലേക്കെത്തുന്ന ഉത്പന്നങ്ങൾ ഭൂരിഭാഗവും പൊള്ളാച്ചി ചന്തയിൽനിന്നുമാണ്.
കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയുടെ 60 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ്. പൊള്ളാച്ചി, ഉദുമൽപേട്ട, മധുര, ഊട്ടി, മേട്ടുപ്പാളയം, കിണത്തുക്കടവ്, ആനമല, നാച്ചിപാളയം, ഒട്ടൻഛത്രം, ചെമ്പെട്ടി, ദിണ്ഡിക്കൽ മാ൪ക്കറ്റുകളിലാണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പച്ചക്കറി ശേഖരണവും വിപണനവും നടക്കുന്നത്.
പൊളളാച്ചിയിൽ കേരളാ അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രധാന മാർക്കറ്റുകളാണ് നാച്ചിപാളയവും വേലന്താവളവും. കുനിയമുത്തൂർ മധുക്കരൈ യൂണിയന്റെ കീഴിലുള്ള നാച്ചിപ്പാളയത്തെ പച്ചക്കറിമാർക്കറ്റിൽ അന്പതിലധികം കമ്മീഷൻ മണ്ടികളുണ്ട്. ഇവിടെയാണ് മൊത്തവില്പന നടക്കുക.
നാച്ചിപ്പാളയത്തിന് ചുറ്റുമുള്ള വഴുക്കുപാറ, വേലന്താവളം, കണ്ണമനായ്ക്കനൂർ, തിരുമലയംപാളയം, പിച്ചനൂർ, ചൊക്കനൂർ, അരിശിപാളയം, വളാത്തുറ, മധുക്കരൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രതിദിനം അഞ്ഞൂറിലധികം കർഷകർ ഈ ചന്തയിലേക്ക് പച്ചക്കറി കൊണ്ടുവന്ന വിപണനം നടത്താറുണ്ട്.
ചിറ്റൂർ താലൂക്ക് അതിർത്തിക്കു കിലോമീറ്ററുകൾമാത്രം അകലെയാണ് കോടികളുടെ ബിസിനസ് പ്രതിദിനം നടക്കുന്ന ഈ മാർക്കറ്റ്. വേലന്താവളം അതിർത്തിക്കിപ്പുറം സ്ഥിതിചെയ്യുന്ന തക്കാളി മാർക്കറ്റ് സ്വകാര്യവ്യക്തികളുടേതാണ്.
കേരളത്തിനു അവകാശപ്പെടാമെങ്കിലും തത്വത്തിൽ ഉത്പാദനവും വിപണനവും കൂടുതൽ നടത്തുന്നതു തമിഴ് കർഷകരാണ്. പൊള്ളാച്ചി താലൂക്കിലെ വടക്കിപാളയം, പുരവിപാളയം, കാളിയാപുരം, പെരുമ്പതി, ഗോവിന്ദനൂർ, മാപ്പിളൈകൗണ്ടൻപുതൂർ, ചൂളക്കൽ, നെഗമം, ഗോമംഗലം, ദേവനൂർപുതൂർ എന്നിവിടങ്ങളിലെ തക്കാളിയും ഇവിടെയെത്താറുണ്ട്. വിദേശത്തേക്കടക്കം തക്കാളി കയറ്റി അയയ്ക്കുന്നവരുടെ ബാംഗളൂരു കഴിഞ്ഞാൽ രണ്ടാമത്തെ ബിസിനസ് ഹബ്ബാണ് വേലന്താവളം.
ചിറ്റൂരും പൊള്ളാച്ചി കാലിച്ചന്തയും
കിഴക്കൻമേഖലയിലെ ഇപ്പോഴത്തെ കർഷകവരുമാനം ക്ഷീരമേഖലയിൽ അധിഷ്ഠിതമെന്നാണ് സംസ്ഥാന ക്ഷീരവകുപ്പും കൃഷിവകുപ്പും പറയുന്നത്. പശുവളർത്തലും അനുബന്ധ കൃഷികളും മെച്ചപ്പെട്ട രീതിയിലാണെന്നാണ് ഇവരുടെ വാദം.
എന്നാൽ നല്ല പശുക്കളെയും കിടാരികളെയും കണ്ടെത്താൻ ചുരുങ്ങിയതു തമിഴ്നാട്ടിലെ പൊള്ളാച്ചിച്ചന്തയെ എങ്കിലും ആശ്രയിക്കേണ്ടി വരുമെന്നു നമ്മുടെ ക്ഷീരകർഷകർ പറയുന്നു. പശു, കിടാരികളെ വാങ്ങാൻ സർക്കാർ പദ്ധതിയുണ്ടെങ്കിലും തമിഴ്നാട്ടിലെ വിലയേക്കാൾ വൻതുക മുടക്കേണ്ടി വരുന്നതായും കർഷകർ പറയുന്നു.
എന്തുതന്നെയായാലും നമ്മുടെ അതിർത്തിക്കു തൊട്ടപ്പുറത്തുള്ള പൊള്ളാച്ചി കന്നുകാലിച്ചന്ത ഇവിടത്തെയും അവിടത്തെയും കർഷകർക്കു ആശ്വാസമാവുകയാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി ചന്തയാണ് പൊള്ളാച്ചി കന്നുകാലി ചന്ത. ചൊവ്വാഴ്ചകളിൽ കന്നുകാലി വിൽപ്പനയും വ്യാഴാഴ്ചകളിൽ ആട്, പശു വിൽപ്പനയും നടക്കും.
കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറത്ത് നിന്നുള്ള പശുക്കളെയും പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലും നിന്നുള്ള പശുക്കളെയും ഈ ചന്തയിൽ വിൽക്കുന്നുണ്ട്.
മാവുകൃഷിയും വിസ്മൃതിയിലേക്കു നീങ്ങുന്പോള്....
പണ്ടുകാലത്ത് നെൽകൃഷിയുടെയും നിലക്കടകൃഷിയുടെയും പ്രധാനകേന്ദ്രമായി കൊല്ലങ്കോട് പ്രദേശം. ഇന്നതു മാവുകൃഷിയിലേക്കു മാറി. കഴിഞ്ഞ രണ്ടുവർഷമായി മാവൃകൃഷി വൻനഷ്ടത്തിലാണ്. ഉത്പാദനക്കുറവിൽ വീർപ്പുമുട്ടുകയാണ് കർഷകർ.
കാലാവസ്ഥാ വ്യതിയാനം കാരണം മാവുകൾ പൂവിടുന്നതല്ലാതെ കായ്ക്കുന്നില്ല. മാവുകളെല്ലാം വെട്ടിമാറ്റി മറ്റേതെങ്കിലും കൃഷിയിലേക്കു നീങ്ങാനുള്ള തയാറെടുപ്പിലാണ് ഇവിടത്തെ കർഷകർ. പക്ഷെ, മാവുകൃഷിയിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് തമിഴ്കർഷകർ. നൂതനമാർഗങ്ങളുപയോഗിച്ച് കൃഷി നിലനിർത്താനും പുതിയ കീടനാശിനി കണ്ടെത്തലടക്കമുള്ള സഹകരണവുമായി അവിടത്തെ കൃഷിവകുപ്പും കർഷകർക്കൊപ്പമുണ്ട്.
കിഴക്കൻമേഖലയിൽ മാവുകൃഷിയും തെങ്ങും നെൽകൃഷിയുമെല്ലാം അടുത്തകാലത്ത് ഇല്ലാതാകും എന്നാണ് പുത്തൻ വിവരങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങൾ നമ്മുടെ കർഷകരെ പിന്നോട്ടടുപ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം തമിഴ്നാട്ടിലടക്കം ബാധിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ ചാവക്കാട് അറബിക്കടലോരം മുതൽ പാലക്കാട് ചുരം മേഖല കടന്ന് തമിഴ്നാട്ടിലെ ദിണ്ടിക്കൽവരെ ഇതുപ്രകടമാണ്. കിഴക്കൻമേഖലയിലെ തെങ്ങുകൾക്കൊപ്പം ദിണ്ടിക്കൽ വരെയുള്ള തെങ്ങുകളിൽ ഒരേതരത്തിലുള്ള രോഗങ്ങൾ കണ്ടുവരുന്നതായി കർഷകരും സാക്ഷ്യപ്പെടുത്തുന്നു.
കാലാവസ്ഥാ വ്യതിയാനത്തിലെ സംക്രമണ മാറ്റങ്ങളാണ് കിഴക്കൻമേഖലയുടെ പഴയ കാർഷിക മുന്നേറ്റത്തിനു തടയിട്ടത്. അതേ പ്രതിഭാസം തന്നെയാണ് വീണ്ടും വരാൻ പോകുന്നത്. മാവുകൃഷി ഉടൻ ഇല്ലാതാകുന്നതെ അങ്ങനെയായിരിക്കും. തെങ്ങ്, നെൽകൃഷികൾ ഇതേതരത്തിലേക്കു നീങ്ങുന്നതും അതുകൊണ്ടു തന്നെയായിരിക്കുമെന്നു കർഷകരും ശാസ്ത്രവിദഗ്ധരും സമർഥിക്കുന്നു.
(നാളെ...പ്രതീക്ഷയത്രയും കർഷകനിലും കാലാവസ്ഥയിലും)