മുതലമടയിലേക്ക് അയൽജില്ലകളിൽനിന്ന് അറവുമാലിന്യം കടത്തൽ സജീവം
1490644
Saturday, December 28, 2024 8:08 AM IST
മുതലമട: അയൽജില്ലകളിൽ നിന്നും മാലിന്യവുമായി മുതലമടയിൽ തള്ളാൻവന്ന വണ്ടി നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞിട്ടു. വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി ഡ്രൈവറേയും മാലിന്യവണ്ടിയും കസ്റ്റഡിയിലെടുത്തു.
എറണാകുളം ഭാഗത്തുള്ള വണ്ടിയിൽ ആഴ്ചകൾ പഴക്കമുള്ള പുഴുവരിക്കുന്ന ദുർഗന്ധമുള്ള അറവുശാല മാലിന്യങ്ങളാണ് മുതലമടയിലെ ഇടുക്കുപാറ ഉൗർകളം കാട്ടിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തള്ളാൻ കൊണ്ടുവന്നത്.
ഈമാസം രണ്ടിനും ഇവിടെനിന്ന് മാലിന്യവണ്ടികൾ പിടികൂടിയിരുന്നു. 50 ടണ്ണിൽ അധികം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് തോട്ടത്തിൽ അനധികൃതമായി കത്തിച്ചത്. ആരോഗ്യവകുപ്പും പോലീസും ചേർന്ന് കേസെടുത്ത് ദിവസങ്ങൾക്കുള്ളിൽതന്നെ യാണ് വീണ്ടും മാലിന്യവണ്ടികൾ മുതലമടയിലേക്കെത്തിയത്. കർശനനടപടികൾ സ്വീകരിക്കാത്തതാണ് വീണ്ടും മാലിന്യവണ്ടികൾ എത്താൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
മാലിന്യം തള്ളാനായി എത്തിയ വണ്ടിയെ പിന്തുടർന്നാണ് പഞ്ചായത്തംഗം ആർ. അലൈരാജും നാട്ടുകാരും പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശി ജയ്സണ് ജോർജ് (54) ആണ് ഡ്രൈവർ. ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.