പാലാട്ട് റോഡ് ബൈപാസ്: കൂടുതൽപേർ നിയമപോരാട്ടത്തിൽനിന്നു പിൻവാങ്ങി
1490701
Sunday, December 29, 2024 4:20 AM IST
ഒറ്റപ്പാലം: പാലാട്ട് റോഡ് ബൈപാസ് പദ്ധതിക്കെതിരായ നിയമനടപടികളിൽ നിന്ന് കൂടുതൽ പേർ പിൻവാങ്ങി. ബൈപാസ് പദ്ധതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോയിരുന്ന ഇവർ നഷ്ടപരിഹാര തുക കൈപ്പറ്റിയിരുന്നില്ല. ഇങ്ങിനെ കൈപ്പറ്റാതെ വന്നവർക്കുള്ള നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവെച്ച് സർക്കാർ കേസുമായി മുന്നോട്ടുപോവുകയായിരുന്നു.
കേസ് നടത്തിയവരിൽ ചിലർ ഇത് പിൻവലിച്ചത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. കേസ് പിൻവലിച്ചവിവരം രേഖാമൂലം കോടതിയെ ധരിപ്പിച്ചതോടെ നഷ്ടപരിഹാരതുക നൽകാൻ കോടതി നടപടി സ്വീകരിച്ചിട്ടുണ്ട്. പന്ത്രണ്ടോളം പേർക്ക് പണം നൽകാനുള്ള ബില്ലാണ് ട്രഷറിയിൽ സബ്മിറ്റ് ചെയ്തിട്ടുള്ളത്. ലാന്റ് അക്വസിഷൻ തഹസിൽദാറുടെ ഇടപെടൽ വേഗത്തിലായതോടെ കോടതിയിൽ നിന്നുള്ള അനുമതിയും വേഗത്തിലായിട്ടുണ്ട്. കേസ് പിൻവലിച്ചവരോടൊപ്പം തന്നെ ചില രേഖകൾ കൃത്യമായി ഹാജരാക്കാതെ പണം തടഞ്ഞുവെച്ചവർക്കും നഷ്ടപരിഹാര തുക നൽകാൻ തീരുമാനമായ വിവരം അറിയിപ്പായി എത്തിയിട്ടുണ്ട്.
തുക അനുവദിച്ചു കൊണ്ട് ട്രഷറിയിൽ ബില്ല് നൽകിയ വിവരം സ്ഥല ഉടമകൾക്ക് ഫോണിൽ വിവരം ലഭിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ പന്ത്രണ്ടോളം പേർക്ക് അക്കൗണ്ടിൽ പണം എത്തും. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് കോടതിയിൽ നൽകിയ പരാതികളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. പരാതി പിൻവലിക്കാനുള്ള സമവായ ശ്രമങ്ങൾക്ക് സാവകാശം നൽകി പദ്ധതിയോടുള്ള അകൽച്ച മാറ്റുന്നതിനു വേണ്ടി മാത്രമാണ് ബൈപ്പാസ് പണി തുടങ്ങുന്നതിന് ഇനിയും കാത്തിരിപ്പ് വേണ്ടി വരുന്നതെന്നാണ് സൂചന. പരാതി പിൻവലിക്കുന്നവർക്ക് കോടതിയിൽ കെട്ടിവെച്ച നഷ്ടപരിഹാര തുകയിൽ നിന്ന് എളുപ്പത്തിൽ പണം ല്യമാക്കാൻ നടപടിയെടുത്തതായി ലാന്റ് അക്വസിഷൻ ഓഫീസ് അറിയിച്ചു.
ആർബിഡിസി യുടെ ഭാഗത്തുനിന്ന് റോഡിന്റെ ടെൻഡർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ടെൻഡർ നടപടി പൂർത്തിയായി റോഡ്പണി ആരംഭിച്ചാൽ നഷ്ടപരിഹാരതുക ലഭിക്കുന്നത് എളുപ്പമായിരിക്കില്ലെന്നാണ് സൂചന. ബൈപ്പാസിനു വേണ്ടിയുള്ള ഒറ്റപ്പാലത്തിന്റെ കാത്തിരിപ്പിന് ഇനി അധികസമയം വേണ്ടിവരില്ലെന്നാണ് അധികൃതർ പറയുന്നത്.