ഇന്ധനമടിക്കാൻ കാശില്ല; മുതലമട പഞ്ചായത്തിന്റെ വാഹനം ഓട്ടംനിർത്തി
1490631
Saturday, December 28, 2024 8:08 AM IST
മുതലമട: ഇന്ധനമടിക്കാൻ കാശില്ലാത്തതിനാൽ മുതലമട പഞ്ചായത്തിന്റെ വാഹനം ഓട്ടംനിർത്തി. കാര്യാലയത്തിൽ നിർത്തിയിട്ടിരിക്കുകയാണ് വാഹനം. പ്രദേശത്തെ പെട്രോൾപന്പിൽ കുടിശികയിനത്തിൽ നൽകാനുള്ളത് രണ്ടുലക്ഷത്തോളം രൂപ. ഇനി കടംതരാനാകില്ലെന്നു പന്പുടമ വ്യക്തമാക്കിയതോടെയാണ് വാഹനം നിർത്തിയിടേണ്ടിവന്നത്.
ജിവനക്കാരുടെ കുറവും നിസഹകരണവും മൂലം പഞ്ചായത്തിൽ പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ഇതിനിടെയാണ് വാഹനവും നിർത്തിയിടേണ്ട ഗതികേടിൽ പഞ്ചായത്തെത്തിയത്.
ജീവനക്കാരുടെ നിസഹകരണത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തുന്ന രാപ്പകൽ സത്യഗ്രഹസമരം തുടരുകയാണ്. ഇതിനിടെയാണ് വാഹനവും കട്ടപ്പുറത്തായത്.