ചരിത്രസ്മാരകമാകില്ല; കവളപ്പാറ കൊട്ടാരം സന്പൂർണ വിസ്മൃതിയിലേക്ക്
1490635
Saturday, December 28, 2024 8:08 AM IST
ഷൊർണൂർ: പുരാവസ്തു വകുപ്പിനും വേണ്ട, കവളപ്പാറ കൊട്ടാരം ചരിത്രത്തിന്റെ വാല്മീകത്തിലേക്ക്. കൊട്ടാരം ചരിത്രസ്മാരകമാക്കിസംരക്ഷിക്കാൻ നടപടിയുണ്ടാവില്ലെന്നു തീര്ച്ചയായതോടെയാണ് കൊട്ടാരം ഓർമയിലേക്കു നീങ്ങുന്നത്.
ഉടമസ്ഥാവകാശതർക്കം കോടതിയിൽ പതിറ്റാണ്ടുകളായി വ്യവഹാരത്തിലാണ്. ഇതും കൊട്ടാരത്തെ ഏറ്റെടുക്കുന്നതിൽനിന്ന് പുരാവസ്തുവിനെ പിന്തിരിപ്പിച്ചു എന്നാണ് സൂചന.
രാജഭരണകാലത്ത് ഉഗ്രപ്രതാപിയായിരുന്ന കവളപ്പാറ മൂപ്പിൽ നായരുടെ ഈ കൊട്ടാരക്കെട്ട് കാലപ്പഴക്കത്താൽ ജീർണിച്ച് പൂർണ്ണമായും നിലംപൊത്താറായ നിലയിലാണ്. കൊട്ടാരകഥകളുറങ്ങുന്ന കവളപ്പാറയുടെ മണ്ണിൽ ഇന്ന് അവശേഷിക്കുന്നത് കൊട്ടാരത്തിന്റെ പ്രധാന ഭാഗമായ മാളികച്ചുവട് മാത്രമാണ്.
ഈ കെട്ടിടം നൂറ്റാണ്ടുകളുടെ പഴക്കം അതിജീവിക്കാനാവാതെ തകർന്ന് വീഴാറായ നിലയിലാണ്. കൊട്ടാരവും, ഏക്കർ കണക്കിനുവരുന്ന വസ്തുവകകൾ സംബന്ധിച്ചും കോടതിയിൽ വർഷങ്ങളായി നിയമതർക്കം തുടർന്നതിനാൽ കൊട്ടാരം സംരക്ഷിക്കാൻ നടപടിയുണ്ടായില്ല.
തർക്കത്തെ തുടർന്ന് റിസീവർ ഭരണത്തിലാണ് കൊട്ടാരവും, അനുബന്ധ സ്വത്തുക്കളും. സർക്കാരിന്റെ പൈതൃക സംരക്ഷണ പദ്ധതി പ്രകാരവും കൊട്ടാരം സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ സ്വകാര്യ വ്യക്തികളുടെ സ്വത്തുതർക്ക വിഷയമാക്കി ഇതു ചുരുങ്ങി. ഇതോടെ കവളപ്പാറ കൊട്ടാരം കാലയവനികയിലേക്കു കാത്തിരിക്കുകയാണ്.