ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി
1490973
Monday, December 30, 2024 5:06 AM IST
പാലക്കാട്: നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച് പി പ്രവർത്തകരുമായി പോലീസ് തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലുള്ള പ്രതികളുമായി നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലേക്ക് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നുൾപ്പെടെയാണ് പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ചിറ്റൂർ പോലീസാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തത്തമംഗലം ജിയുപി സ്കൂളിലെ ക്രിസ്മസ് പൂൽക്കൂട് തകർത്ത സംഭവത്തിൽ പ്രതികൾക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കും.
നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾ ക്രിസ്മസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോൾ നടത്തുന്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ എത്തിയത്. ഇവർ പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തിൽ നല്ലേപ്പിള്ളി സ്വദേശികളായ വടക്കുംതറ കെ. അനിൽകുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ, തെക്കുമുറി വേലായുധൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്. ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.