ഡീക്കൻ ഐബിൻ പെരുമ്പിള്ളിയുടെ പൗരോഹിത്യ സ്വീകരണം ഇന്ന്
1490637
Saturday, December 28, 2024 8:08 AM IST
കൽക്കണ്ടി: അട്ടപ്പാടി ത്രിത്വമല ഹോളി ട്രിനിറ്റി ഇടവകാംഗം ഡീക്കൻ ഐബിൻ പെരുമ്പിള്ളിയുടെ തിരുപ്പട്ട സ്വീകരണം ഇന്ന് രാവിലെ 9.30 ന് ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടക്കും. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. തിരുപ്പട്ട ശുശ്രൂഷയിൽ കല്ലേപ്പുള്ളി സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ ഫാ.സജി പനപറമ്പിൽ ആർച്ച് ഡീക്കനാകും.
കോട്ടയം വടവാതൂർ സെമിനാരി പ്രഫസർ ഫാ. സേവ്യർ മാറാമറ്റം സഹകാർമികനാകും. തിരുപ്പട്ട സ്വീകരണത്തെ തുടർന്ന് നവ വൈദികൻ പ്രഥമ ദിവ്യബലിയർപ്പണം നടത്തും. തിരുപ്പട്ട ശുശ്രൂഷകൾക്കെത്തുന്ന ബിഷപിനേയും ഡീക്കൻ ഐബിൻ പെരുമ്പിള്ളിയെയും വികാരി ഫാ. ജോസ് ചെനിയറ, കൈക്കാരന്മാരായ റോയി കടമ്പനാട്ട്, ഷിജു മീമ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും.
ത്രിത്വമല ഇടവകയിലെ പെരുമ്പിള്ളിൽ പി.ജെ. ജോണി -വത്സമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഡീക്കൻ ഐബിൻ. സഹോദരങ്ങൾ: ആൽവിൻ, മെൽവിൻ. കല്ലേപ്പുള്ളി മൈനർ സെമിനാരി, തൃശൂർ മേരിമാത മേജർ സെമിനാരിയിൽ ഫിലോസഫി പഠനവും വള്ളിയോട് സെന്റ് മേരീസ് കോളജിൽ പ്രായോഗിക പരിശീലനവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. ത്രിത്വമല ഇടവകയിൽ നിന്ന് അഭിഷിക്തനാകുന്ന പന്ത്രണ്ടാമത്തെ വൈദികനാണ് ഡീക്കൻ ഐബിൻ.