പ്രതീക്ഷയത്രയും കർഷകനിലും കാലാവസ്ഥയിലും
1490974
Monday, December 30, 2024 5:06 AM IST
ഗോപാലപുരം അതിർത്തിക്കടുത്ത് വണ്ണാമടയിൽ ചരിത്രപ്രസിദ്ധമായ കുന്നംപിടാരി മലമുകളിൽനിന്നാൽ കിഴക്കൻമേഖലയുടെ കേരകൃഷിയുടെ സമൃദ്ധിയറിയാം. അതിർത്തിക്കിപ്പുറം തെങ്ങുകൾ മാത്രമേ കാണാനാകൂ. ഇത്രയേറെ തെങ്ങുകളുണ്ടായിട്ടും നമ്മളെന്തേ പിന്നോട്ടുപോയെന്നു അറിയാതെ ചോദിച്ചുപോകും. താഴെ കുന്നംപിടാരി ഡാമിലേക്കിറങ്ങിയാൽ പനകൾ അതിർവരന്പിട്ട ഏരിയും ജലസമൃദ്ധിയും കാണാം.
നൂറുകണക്കിനു കരിന്പനകളാൾ സന്പന്നമാണ് ഈ പ്രദേശം. ഡാമിനു അതിർവരന്പിടുന്ന ഈ കരിന്പനകൾ തന്നെയാണ് ഇവിടത്തെ ജലസമൃദ്ധിക്കു കാരണം. വണ്ടിത്താവളത്തിനടുത്ത് കന്നിമാരി കന്പാലത്തറ ഏരിക്കുചുറ്റും ഇതുപോലെ നൂറുകണക്കിനു കരിന്പനകൾ കാണാം.
പഴയ തലമുറ കരുതിവച്ച ഭൂഗർഭജല മാനേജ്മെന്റിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഇതുരണ്ടും. ഇനി, തമിഴ്നാടൻ അതിർക്കു തൊട്ടപ്പുറം രണ്ടു മലകൾ കൂടി കയറിയാൽ അവിടത്തെ കൃഷിസമൃദ്ധിയുമറിയാനാകും.
വേലന്താവളത്തിനപ്പുറം പതിമല, ഒഴലപ്പതി മുത്തുമല എന്നിവിടങ്ങളിൽനിന്നാൽ പൊള്ളാച്ചിയുടെ കാർഷികസമൃദ്ധി കണ്ടറിനാവും. ഭൂഗർഭ, ഉപരിതലജലം ഫലപ്രദമായി വിനിയോഗിക്കുന്നതാണ് തമിഴ്കർഷകരുടെ വിജയമെന്നും തിരിച്ചറിയാനാകും.
തമിഴ്നാട്ടിലുണ്ട് പഠനങ്ങൾ
കേരളത്തിൽ പഠനങ്ങൾ കുറയുന്പോൾ കൃഷികൾ ഇനിയും കുറയും. പക്ഷെ, തമിഴ്നാട്ടിൽ പഠനങ്ങൾ മുന്നേറുന്പോൾ നഗരവികസനവും കൃഷിവികസനവും ഒപ്പം യാഥാർഥ്യമാകുന്നുണ്ട്.
പൊള്ളാച്ചി താലൂക്കിലെ പ്രധാന ജലസ്രോതസുകളാണ് കോരയാർ, വരട്ടയാർ പുഴകളും എട്ടു ഉപ- നീർത്തടങ്ങളും. ഇതു തന്നെയാണ് അവരുടെ കാർഷികവികസനത്തിന്റെ ആണിവേരും.
പൊള്ളാച്ചി മേഖലയിലെ പ്രമുഖ ജലസ്രോതസായ കോരയാറിനെക്കുറിച്ചു 2020 ൽ ഇറങ്ങിയ പഠനം ശ്രദ്ധേയമാണ്. കോരയാർ നീർത്തടത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലെ വൈദഗ്ധ്യത്തെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു.
ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, തമിഴ്നാട് തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റി, ന്യൂഡൽബി രാമാനുജൻ കോളജ് എന്നിവയ്ക്കൊപ്പം പഠനത്തിൽ അമേരിക്കയിലെ ലിങ്കണിലെ നെബ്രാസ്ക യൂണിവേഴ്സിറ്റിയും പഠനത്തിൽ പങ്കുചേർന്നു.
വർധിച്ചുവരുന്ന ജനസംഖ്യ പ്രകൃതിദത്ത ഭൂപ്രകൃതിയുടെ കുറവിനു കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കൃഷിയറിവിലൂടെ കാർഷികമുന്നേറ്റം ഇവിടെയുണ്ടെന്നും വിലയിരുത്തുന്നു.
ചെട്ടിപ്പാളയം, ചിന്നാരിപാളയം, ഗോപാലപുരം, കിണത്തുകടവ്- ഒന്ന്, കിണത്തുകടവ്, കോവിൽപാളയം, നരസിംഗപുരം, പൊള്ളാച്ചി- ഒന്ന്, സുൽത്താൻപേട്ട എന്നിവിടങ്ങളിലെ ഭൂഗർഭജലം കൃഷികളിലൂടെ സ്വാഭാവികമായി നികത്തപ്പെടുന്നതായും പഠനം വ്യക്തമാക്കുന്നു, എട്ടിമട, കാട്ടാമ്പട്ടി, മടുക്കരൈ, പെരിയ നെഗമം, പൊള്ളാച്ചി-2, പൊന്നായൂർ എന്നീ പ്രദേശങ്ങളിൽ ഭൂഗർഭജലത്തിൽ തുടർച്ചയായി കുറവുണ്ടാകുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അനുയോജ്യമായ കൃഷികൾ ചെയ്തു കാർഷികസംസ്കാരം നിലനിർത്തുന്നതിൽ പൊള്ളാച്ചിക്കാർ വിജയിച്ചെന്നും പഠനം സമർഥിക്കുന്നു. കാലാവസ്ഥക്ക് അനുസൃതമായി കൃഷിഭൂമിയിൽ ഒന്നിൽകൂടുതൽ വിളയിറക്കുന്നതു ഗുണകരമാണെന്നും ഇതിൽ പരാമർശമുണ്ട്.
പൊള്ളാച്ചിയും കാലാവസ്ഥാ നിഴലിൽ
അതിർത്തിക്കപ്പുറം പൊള്ളാച്ചി താലൂക്കിൽ ഇപ്പോഴത്തെ കൃഷിസമൃദ്ധിയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ കരിനിഴലുകൾ വീണുതുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കർഷകരുടെ ഇച്ഛാശക്തിയിൽ ഏറെ മുന്നോട്ടെങ്കിലും ആരുടെയും പിടിയിൽ ഒതുങ്ങുന്നതല്ല കാലാവസ്ഥാ വ്യതിയാനം.
കിഴക്കൻമേഖലയിൽ പതിറ്റാണ്ടുകൾക്കുമുന്പ് ദൃശ്യമായതുപോലെ അവിടെയും വിളകൾ അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട്. ഇതിലൊന്നാണ് പരുത്തികൃഷി. പത്തുവർഷത്തിനിടെ ഗണ്യമായ കുറവുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 1980കളിൽ ജില്ലയിൽ 1.2 ലക്ഷം ഹെക്ടറിൽ പരുത്തികൃഷി ചെയ്തിരുന്നു.
2020ലെ കണക്കുകൾ പ്രകാരം 339 ഹെക്ടറിലാണ് കൃഷിയുള്ളത്. തൊഴിലാളിക്ഷാമവും കൂലിത്തർക്കവുമെല്ലാം ഇവിടെയും പരുത്തിക്കൃഷിയെ പിന്നോട്ടടുപ്പിച്ചെന്നാണ് കർഷകർ പറയുന്നത്.
കൊപ്രയുടെയും നാളികേരത്തിന്റെയും വിലയിടിവിൽ നാളികേര കർഷകരും ദുരിതത്തിലാണ്, വേരുചീയൽ, വെള്ളീച്ച, തഞ്ചൂർവാട്ടം തുടങ്ങി നിരവധി രോഗങ്ങളാണ് കർഷകർക്കു വിനയാകുന്നത്.
കർഷകരുമറിയണം, ആഗോളതാപനത്തെ
കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ആഗോളതാപനില വർധിച്ചത് 0.74 ഡിഗ്രി സെൽഷ്യസാണ്. ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അന്തരീക്ഷ ഊഷ്മാവ് 1.4 മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് കണക്ക്. താപനില ഇങ്ങനെ ഉയർന്നാൽ സമുദ്രജലനിരപ്പ് 18- 50 സെന്റീമീറ്റർ വരെ ഉയരും.
പല ദ്വീപുകളും പട്ടണങ്ങളും കടലോരപ്രദേശങ്ങളും കടലെടുക്കും. കഠിനമായ ഉഷ്ണക്കാറ്റ്, വരൾച്ച, പ്രളയം ഇങ്ങനെ എണ്ണമറ്റ മാറ്റങ്ങളാണ് ആഗോളതാപനം മൂലമുണ്ടാകുന്നത്. പ്രാദേശികമായി പൊരുത്തപ്പെട്ടു കഴിയുന്ന ഒട്ടുമിക്ക ജീവജാലങ്ങളും നശിപ്പിക്കും.
ആവാസവ്യവസ്ഥയും പരിസ്ഥിതി വ്യൂഹവും താറുമാറാകും. ആഗോളതാപന ഫലമായി കാലാവസ്ഥയിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം എന്നുപറയുന്നത്. 1970 നു ശേഷം തു ടർച്ചയായി ആഗോളതാപനം വർധിക്കുകയാണ്. മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുകൾ, ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനം, അഗ്നിപർവതങ്ങൾ, ഭൂമിയുടെ ചരിത്രം, സമുദ്രത്തിലെ പ്രവാഹങ്ങൾ മുതലായവയും ഇതിൽ പങ്കുവഹിക്കുന്നുണ്ട്.
കനൽകാറ്റ്, വരൾച്ച, പേമാരി, വെള്ളപ്പൊക്കം, അതിശൈത്യം, മഞ്ഞുറയൽ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾ വിളകളെയും കാർഷിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും.
വിളകളുടെ വളർച്ചാകാലവും ഉത്പാദനശേഷിയും കുറയും.
ദീർഘകാല തോട്ടവിളകളെ കൂടുതൽ ദോഷകരമായി ബാധിക്കും. പ്രാദേശികമായി പരിണാമം സംഭവിച്ച പുതിയ കള- കീട രോഗാണുക്കളുടെ ശല്യം രൂക്ഷമാകും.
ജലസേചനം, വളപ്രയോഗം, കള- കീടനാശിനി പ്രയോഗങ്ങളിലെ മാറ്റം മൂലം കൃഷിരീതികളിലും മാറ്റങ്ങളുണ്ടാക്കേണ്ടിവരും. ഉഷ്ണമേഖലയിൽ താപവർധനയും ജലദൗർലഭ്യവുമുണ്ടാകും. ധാന്യഉത്പാദനവും ഗുണമേന്മയും കുറയുമെന്നും വിദഗ്ധർ പറയുന്നു.
ഇനിയൊരു തിരിച്ചുപോക്കുണ്ടോ...
വരൾച്ചയും പ്രളയവും കാലാവസ്ഥാ പ്രതിഭാസമാണ്. ചിറ്റൂർ, പൊള്ളാച്ചി താലൂക്കുകളിലെ കാലാവസ്ഥ നിർണയിക്കുന്നതിനു പാലക്കാട് ചുരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
അതിനാൽ ചുരം പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പഠനം അനിവാര്യവുമാണ്.
ചിറ്റൂരും പൊള്ളാച്ചിയും തമ്മിലുള്ള താരതമ്യ പഠനമല്ല, മറിച്ച്, മണ്ണിന്റെ ഘടനയും മൂല്യവർധിത കൃഷിരീതികളും കൃഷിയറിവുകളുമെല്ലാം പഠനവിധേയമാകണം.
മൺമറഞ്ഞ കൃഷികൾ തിരിച്ചുപിടിക്കാൻ കർഷകരെ കൃഷിവകുപ്പ് ചേർത്തുനിർത്തണം. പഠനങ്ങൾക്കനുസൃതമായ വികസന പദ്ധതികളും യാഥാർഥ്യമാകണം. ചിറ്റൂർ, പൊള്ളാച്ചി താലൂക്കുകളിൽ ഫാംടൂറിസം പുരോഗമനത്തിന്റെ പാതയിലാണ്.
വിശാലമായ ഒരേ കൃഷിയിടത്തിൽ കൃഷിസമൃദ്ധിയും ടൂറിസംസാധ്യതയും സമന്വയിച്ചതു കാർഷികമുന്നേറ്റത്തിന്റെയും മൂല്യവർധിക വ്യാവസായിക ഉന്നമനത്തിന്റെയും സൂചകങ്ങളാണ്.
കൃഷിവകുപ്പിനൊപ്പം വ്യവസായ വകുപ്പും കൈകോർത്താൽ ന്യൂജനറേഷൻ കാർഷികവികസനവും സാധ്യമാകും.
വ്യവസായങ്ങൾക്കു പോലും കേരളത്തിൽ കൊമേഴ്സ്യൽ വാല്യു ഇല്ലാതെയാകുന്പോൾ എങ്ങനെ കാർഷികമേഖല മാത്രം രക്ഷപ്പെടുമെന്നും ചോദ്യമുയരുന്നുണ്ട്.
(അവസാനിച്ചു).