ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
1490967
Monday, December 30, 2024 5:06 AM IST
പാലക്കാട്: രാജ്യത്തെ കർഷകരെ ദുരിതത്തിൽ നിന്നകറ്റുന്നതിന് തന്റെ ജീവൻ നൽകാൻ തയ്യാറാണന്ന് പ്രഖ്യാപിച്ച് 34 ദിവസമായി പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നിരാഹാരം തുടരുന്ന സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ- ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു ആവശ്യപ്പെട്ടു.
ഒരു വർഷം നീണ്ടു നിന്ന കർഷക സമരത്തിന് ശേഷം പ്രധാനമന്ത്രി താത്പര്യമെടുത്ത് കർഷക നേതാക്കളുമായി ചർച്ച ചെയ്ത് 2021ൽ ഉണ്ടാക്കിയ കരാറിലെ മിനിമം വില അടക്കമുള്ള ഒരു കാര്യം പോലും കഴിഞ്ഞ 3 വർഷമായി നടപ്പാക്കാത്തതിൽ അദ്ദേഹം പ്രതിഷേധിച്ചു. ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി കർഷക അവകാശ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ കണ്‍വീനർ ഡോ. ജോസുകുട്ടി ഒഴുകയിൽ, സംസ്ഥാന വൈസ് ചെയർമാൻമാരായ ജോയി കണ്ണംചിറ, ജോർജ് സിറിയക്, വി. രവീന്ദ്രൻ, കണ്‍വീനർമാരായ റോജർ സെബാസ്റ്റ്യൻ, ജോബിൻ വടശേരി, ജോയി ചെട്ടിമാട്ടേൽ, റോസ് ചന്ദ്രൻ, സണ്ണി തുണ്ടത്തിൽ, സജീഷ് കുത്തനൂർ, അഥിരഥൻ തുടങ്ങിയവർ പ്രസംഗിച്ചു.