ഷൊർണൂർ ആർഎംഎസ് ഓഫീസ് അടച്ചുപൂട്ടിയതോടെ വഴിയാധാരമായതു താത്കാലിക ജീവനക്കാരുടെ കുടുംബങ്ങൾ
1486349
Thursday, December 12, 2024 1:49 AM IST
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചു വന്നിരുന്ന റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചുപൂട്ടിയതോടെ താത്കാലിക ജീവനക്കാരുടെ തൊഴിലും നഷ്ടപ്പെട്ടു. മുപ്പത് താത്കാലിക ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ഇവരുടെ ജീവിതം വഴിമുട്ടിയ സ്ഥിതിയാണ് താത്കാലിക ജീവനക്കാരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഓഫീസ് അടച്ചു പൂട്ടിയതോടെ ഇവിടെ ഉണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും പാലക്കാട്, തിരൂർ, കോഴിക്കോട് ഓഫീസുകളിലേക്ക് മാറ്റിക്കഴിഞ്ഞു.
രജിസ്റ്റേഡ് തപാൽ ഉരുപ്പടികൾ സ്പീഡ് തപാൽ ഉരുപ്പടികളുമായി ലയിപ്പിച്ച് സ്പീഡ് പോസ്റ്റ് ഹബ്ബുകളിലേക്ക് മാറ്റാനുള്ള തപാൽവകുപ്പിന്റെ നടപടിക്രമത്തിന്റെ ഭാഗമായാണ് ഷൊർണൂരിലെ ആർഎംഎസ് ഓഫീസ് പൂട്ടിയത്. ഇവിടെ ജോലി ചെയ്തിരുന്ന 55 ജീവനക്കാരെ തിരൂർ, പാലക്കാട്, കോഴിക്കോട് ഡിവിഷനുകളിലേക്കും സ്ഥലം മാറ്റി. ഷൊർണൂർ റെയിൽവേ ജംഗ്ഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഈ മാസം 31 ന് ഓഫീസ് റെയിൽവേക്ക് കൈമാറാനാണ് നിർദേശം. തിരുവനന്തപുരം മുതൽ എത്തുന്ന ബാഗുകൾ ഇനി ഷൊർണൂരിൽ ഇറക്കുകയും അവിടെ നിന്ന് രാത്രി പാലക്കാട്ടേക്കു കയറ്റിവിടുകയും വേണം. ഇവയെല്ലാം പാലക്കാട്ടു നിന്ന് നടപടികൾ പൂർത്തീകരിച്ച ശേഷം മാത്രമാണ് വീണ്ടും ഷൊർണൂരിലേക്ക് അയയ്ക്കുക. ഷൊർണൂർ ആർഎംഎസിനു കീഴിൽ 54 പോസ്റ്റ് ഓഫീസാണ് ഉൾപ്പെടുന്നത്.
വി.കെ. ശ്രീകണ്ഠൻ എംപി, പി. മമ്മിക്കുട്ടി എംഎൽഎ, തുടങ്ങിയവർ ഷൊർണൂർ ആർഎംഎസ് ഓഫീസ് നിലനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാർ ഉൾപ്പെടെ വിവിധ സമരങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദിവസേന 2500 മുതൽ 3500 വരെ റജിസ്റ്റേഡ് തപാൽ ഉരുപ്പടികളാണ് ഷൊർണൂർ ആർഎംഎസ് ഓഫീസിനു കീഴിൽ കൈകാര്യം ചെയ്ത് വന്നിരുന്നത്. ആയിരത്തോളം ബാഗുകളും ട്രാൻസിസ്റ്റ് മെയിൽ ഓഫീസ് മുഖേന ക്രയവിക്രയം നടത്തിയിരുന്നു. മാസത്തിൽ ഒരു ലക്ഷത്തോളം രൂപ രജിസ്റ്റേഡ് ബുക്കിംഗ് ഇനത്തിലും തപാൽവകുപ്പിനു ലഭിച്ചിരുന്നു.
പതിനയ്യായിരത്തോളം സെക്കൻഡ് ക്ലാസ് തപാൽ ഉരുപ്പടികളും ഓഫീസിൽ കൈകാര്യം ചെയ്തിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ബുക്കിംഗ് കൗണ്ടർ ഓഫീസാണ് അടച്ചുപൂട്ടിയത്. 1950 കളിൽ മദ്രാസ് ഡിവിഷന് കീഴിൽ ആരംഭിച്ച ഷൊർണൂരിലെ ഓഫീസ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ആർഎംഎസ് ഓഫീസാണ്.