പുല്ലുണക്കാൻ ദേശീയപാതയിൽ മാരക മരുന്നുതളി നടത്തുന്നതായി പരാതി
1486348
Thursday, December 12, 2024 1:49 AM IST
വടക്കഞ്ചേരി: ദേശീയപാതയോരങ്ങളിലെ പുല്ല് ഉണക്കാൻ മാരക കീടനാശിനി പ്രയോഗം നടത്തുന്നതായി പരാതി. വാഹനത്തിരക്കുകളുള്ള വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയിലാണ് മനുഷ്യർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മരുന്നുതളി നടക്കുന്നത്.
പാതകളുടെ മധ്യത്തിലുള്ള ഡിവൈഡറുകളിലും പാതയോരങ്ങളിലുമാണ് മരുന്നുതളിച്ച് പുല്ലും വള്ളിപ്പടർപ്പുകളും ഉണക്കുന്നത്. യാതൊരു സുരക്ഷാമുന്നൊരുക്കമില്ലാതെ മരുന്നടി നടത്തുന്നതിനെതിരേ പന്നിയങ്കരയിൽ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചിരുന്നു. ശബരിമല സീസൺ കൂടിയായതിനാൽ പാതയോരങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിലാണ് അയ്യപ്പഭക്തർ വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്നത്.
മരുന്നടി തീർഥാടകർക്കും ദോഷം ചെയ്യും. തുറന്ന വാഹനങ്ങളിലും കാൽനടയായും പോകുന്നവർക്ക് കാറ്റിലൂടെ മരുന്നിന്റെ ബുദ്ധിമുട്ടുകളുണ്ടാക്കും. മഴപെയ്താൽ ഇവിടെനിന്നുള്ള വെള്ളം എത്തുന്ന കിണറുകളിലും വിഷാംശം കലരാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
മുമ്പെല്ലാം പുല്ലുവെട്ടൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് പുല്ലുവെട്ട് നടത്തിയിരുന്നത്. ഇതു വർഷത്തിൽ മൂന്നോ നാലോ തവണ ചെയ്യണം. എന്നാൽ മരുന്നടിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ എല്ലാം നശിച്ചുപോകുമെന്നാണ് ഇവർ കാണുന്ന ലാഭം.
പൊതുസ്ഥലങ്ങളിൽ മാരക മരുന്നുതളി നിരോധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.