വടക്കഞ്ചേരി ടൗൺ റോഡിലെ അനധികൃത പാർക്കിംഗ്: പഞ്ചായത്ത് നടപടി തുടങ്ങി
1486140
Wednesday, December 11, 2024 6:42 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ അനധികൃത വാഹന പാർക്കിംഗിനെതിരെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് നടപടി തുടങ്ങി. കടുത്ത നടപടികൾക്ക് മുന്നോടിയായി പൊതുജനങ്ങളുടെ അറിവിലേക്കായി ഇന്നലെ വാഹനത്തിൽ അനൗൺസ്മെന്റ് നടത്തി.
ടൗൺ റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. തുടർന്നുള്ള ദിവസങ്ങളിലും ഇത് തുടർന്നാൽ പോലീസ് ഇടപെട്ട് കർശന നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുകളാണ് നൽകിയിട്ടുള്ളത്. ഏറെ നേരം റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കും. തുടർന്നുള്ള ദിവസങ്ങളിലും വാഹനം നിർത്തിയിടുന്ന സ്ഥിതി ഉണ്ടായാൽ വാഹനം പോലീസ് പിടിച്ചെടുത്ത് നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് പറഞ്ഞു.
കുത്തഴിഞ്ഞു കിടക്കുന്ന വടക്കഞ്ചേരി ടൗണിനെ നേരെയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ആവശ്യമുള്ളിടത്ത് ബോർഡുകൾ സ്ഥാപിച്ച് അനധികൃത പാർക്കിംഗ് തടയും. നടപടികൾ വിലയിരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പെടുന്ന സ്ക്വാഡുകളുടെ പ്രവർത്തനവുമുണ്ടാകും. പകൽസമയത്തെ വഴിയോര കച്ചവടം ഒഴിവാക്കും.
ടൗൺ റോഡിലെ പച്ചമത്സ്യ വില്പന പൂർണമായും നിരോധിക്കുമെന്നും പ്രസിഡന്റ്് പറഞ്ഞു. വഴിയോരങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് കച്ചവടം നടത്തുന്നത് വാഹനത്തിന്റെ പെർമിറ്റ് ലംഘനമായി കണ്ട് നടപടി എടുക്കും. ഇത് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.