അരിയൂർ സർവീസ് സഹകരണ ബാങ്കിൽ വൻ അഴിമതിയെന്ന് സിപിഎം
1485754
Tuesday, December 10, 2024 4:28 AM IST
മണ്ണാർക്കാട്: കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ തട്ടിപ്പാണ് അരിയൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നിട്ടുള്ളതെന്നും നിക്ഷേപകരെയും ഓഹരി ഉടമകളെയും മറ്റു ഇടപാടുകാരെയും വഞ്ചിച്ചുകൊണ്ട് ബാങ്കിൽ നടന്നിട്ടുള്ള ഭീമമായ തട്ടിപ്പിന് നേതൃത്വം നൽകിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്നും സിപിഎം ആവശ്യപ്പെട്ടു. മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ് ബാങ്കിൽ ഭരണം നടത്തിവരുന്നത്.
ദീർഘകാലം ലീഗിന്റെ ജില്ലാ സെക്രട്ടറി ടി.എ. സിദ്ധിഖാണ് പ്രസിഡന്റായിരുന്നത്. ഈ കാലയളവിലാണ് ഏറ്റവും വലിയ കൊള്ള നടത്തിയിട്ടുള്ളത്. നിലവിൽ മണ്ഡലം ഭാരവാഹിയായ പാറശേരി ഹസനാണ് പ്രസിഡന്റ്. 10 മുതൽ 25 ലക്ഷം വരെ വായ്പയെടുത്ത വായ്പക്കാരുടെ ഭീമമായ കുടിശിക 71% നിലനിൽക്കുന്നു.
നിക്ഷേപത്തിന്റെ സിംഹഭാഗവും ബിനാമി വായ്പകളായി ലീഗ് നേതാക്കളുടെ പക്കലാണ് കിട്ടാക്കടമായി നിൽക്കുന്നത്. വായ്പക്കാർ എടുത്തതിനേക്കാൾ എത്രയോ ഇരട്ടി വായ്പാ തുകയിൽ കൃത്രിമം കാണിച്ച് തട്ടിയെടുത്തിട്ടുള്ളതുമാണ്. ഈ സ്ഥിതി നിലനിൽക്കെ ഓഹരി ഉടമകളും സാധാരണക്കാരായ നിക്ഷേപകരേയും വഞ്ചിച്ചു കൊണ്ട് വൻകിട നിക്ഷേപകർക്ക് 41 കോടിയിൽപ്പരം രൂപ നിക്ഷേപങ്ങൾ തിരിച്ചു നൽകിയതായി രേഖകൾ തെളിയിക്കുന്നു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉൾപ്പെടെ മൂന്നു കോടിയിൽപരം രൂപ ബാങ്കിൽ നിന്നും തിരിച്ചു കിട്ടാത്ത വിധം പ്രതിസന്ധിയിലാണ്.
എൻ. ഷംസുദ്ദീൻ എംഎൽഎ ഉൾപ്പെടെയുള്ള നേതൃത്വം ഈ വിഷയത്തിൽ കൂട്ടുപ്രതികളാണ്. ബാങ്ക് ഭരണ സമിതിയുടെ തട്ടിപ്പിപ്പിന് ഇരയായവരെ സഹായിക്കുന്നതിനും നിയമസഹായം ഉൾപ്പെടെ നൽകുന്നതിനും സഹായസമിതി ഹെൽപ് ഡെസ്കിന് സിപിഎം രൂപം നൽകിയിട്ടുണ്ട്. 18ന് 10 മണിക്ക് ബാങ്ക് ഭരണ സമിതിയുടെ തട്ടിപ്പിന് ഇരകളായവരെയും ആയിരക്കണക്കിന് പ്രവർത്തകരെയും ഉൾപ്പെടുത്തി ബാങ്കിന് മുമ്പിലേക്ക് സിപിഎം കോട്ടോപ്പാടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്നും നേതാക്കൾ പറഞ്ഞു. സമരം മണ്ണാർക്കാട് ഏരിയാ സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യും.
സമരത്തിന്റെ പ്രചരണാർഥം കോട്ടോപ്പാടം പഞ്ചായത്തിലുടനീളം 14, 15 തിയതികളിൽ പ്രചരണ ജാഥ നടത്തുമെന്നും എൻ.കെ. നാരായണൻകുട്ടി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജൻ, ടി.ആർ. സെബാസ്റ്റ്യൻ, എം. വിനോദ് കുമാർ, എം. മനോജ്, പി. പങ്കജവല്ലി തുടങ്ങിയവർ പറഞ്ഞു.