പാലക്കാട് -കുളപ്പുള്ളി പാതയിലെ കുഴികൾ അടയ്ക്കാൻ തുടങ്ങി
1486337
Thursday, December 12, 2024 1:49 AM IST
ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിൽ പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടയ്ക്കൽ തുടങ്ങി. ഒറ്റപ്പാലംമുതൽ മങ്കര വരെയാണ് ഇപ്പോൾ കുഴികൾ അടച്ച് തുടങ്ങിയത്.
പാതയിലെ കുഴികളിൽ മഴപെയ്ത ഘട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരുന്നു.
ഇതിനുപുറമേ മറ്റുവാഹനങ്ങൾക്കും കുഴിയറിയാതെ വീണ് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് നിരവധി പരാതികളും ഉയർന്നിരുന്നു.
മഴ മാറിയതോടെയാണ് പൊതുമരാമത്ത് വിഭാഗം കുഴിയടയ്ക്കൽ പണികൾ തുടങ്ങിയത്. പ്രീ-മൺസൂൺ ഫണ്ട് ഉപയോഗിച്ചാണ് കുഴിയടയ്ക്കൽ പണികൾ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ ഷൊർണൂർ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങാൻ നടപടിയായിട്ടുണ്ട്.