അട്ടപ്പാടി ചിറ്റൂര് ജനവാസകേന്ദ്രങ്ങളിൽ വാനര, പന്നിശല്യം രൂക്ഷം
1486341
Thursday, December 12, 2024 1:49 AM IST
അഗളി: അട്ടപ്പാടി ചിറ്റൂരിലെ ജനവാസകേന്ദ്രങ്ങളിൽ കുരങ്ങ്, പന്നി ശല്യം അതിരൂക്ഷമായി. പകൽ സമയങ്ങളിൽ കുരങ്ങും വൈകുന്നേരങ്ങളിൽ കാട്ടുപന്നി വിളയാട്ടവും പതിവായി.
കൃഷിയിടങ്ങളിൽ മാത്രമല്ല വീട്ടുമുറ്റത്തെ കായ്കനികളും കിഴങ്ങുവർഗങ്ങളുംവരെ നശിപ്പിക്കുകയാണ്.
കുരങ്ങുകൾ തെങ്ങുകളിലെ വെള്ളയ്ക്കവരെ നശിപ്പിക്കുന്നു. പപ്പായ, പേരയ്ക്ക, കാപ്പിക്കുരു, കൊക്കോ, ജാതിക്ക, ചക്ക, മാങ്ങ തുടങ്ങി എല്ലാതരം മേലാദായങ്ങളും പറ്റമായെത്തുന്ന വാനരപ്പട തിന്നൊടുക്കുകയാണ്. കുരുമുളകുചെടികളിലൂടെ ഊർന്നിറങ്ങി വ്യാപകനഷ്ടം വിതയ്ക്കുന്നു.
വീടുകളുടെ ഓടുപൊളിച്ച് അടുക്കളയും താറുമാറാക്കുന്നു. വൈകുന്നേരങ്ങളിൽ പന്നിക്കൂട്ടത്തെ ഭയന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതി.ചേന, ചേമ്പ്, കാച്ചിൽ, കപ്പ, ചെറുകിഴങ്ങ് തുടങ്ങി മുഴുവൻ കിഴങ്ങുവർഗങ്ങളും ഇവറ്റകൾ തിന്നൊടുക്കുന്നു.
വരുംവർഷങ്ങളിൽ കൃഷിയിറക്കാൻ വിത്തുപോലും ലഭിക്കാത്ത സ്ഥിതിയിലാണ് കർഷകർ.
നഷ്ടപരിഹാരം അന്യം
വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം ലഭിക്കാൻ നിയമങ്ങളുണ്ടെങ്കിലും അതു വാങ്ങിയെടുക്കാനുള്ള നൂലാമാലകൾ ചെറുതൊന്നുമല്ലെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
പതിനായിരത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചാൽ 500 രൂപ പോലും നഷ്ടപരിഹാരം ലഭിക്കില്ലെന്നും നഷ്ടത്തെക്കാൾ ഏറെതുക ഇതിനുവേണ്ടി ചെലവഴിക്കേണ്ടി വരുമെന്നുമാണു കർഷകർ പറയുന്നത്.
ഇക്കാരണത്താൽതന്നെയാണ് നഷ്ടപരിഹാരത്തിനായി വനംവകുപ്പിനെ സമീപിക്കാത്തതെന്നും നാട്ടുകാർ വ്യക്തമാക്കി. വന്യമൃഗശല്യം ദിനംപ്രതി വാർത്താമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും വനംവകുപ്പുദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.
കാട്ടിലെ മൃഗങ്ങളെ കാട്ടിൽ നിർത്താനുള്ള ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുത്ത് കർഷകരുടെ ജീവനും സ്വത്തിനും സുരക്ഷ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.