ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങി
1485758
Tuesday, December 10, 2024 4:28 AM IST
ഒറ്റപ്പാലം: നഗരത്തിൽ ഗതാഗത കുരുക്കഴിക്കാൻ നിർമിക്കുന്ന ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങി. മഴയെത്തുടർന്ന് നിർത്തിവെച്ചതായിരുന്നു ഇത്. തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെയാണ് പണി വീണ്ടും തുടങ്ങിയത്.
പൈലിംഗ് നടത്തുന്നതിനാവശ്യമായ കോൺക്രീറ്റ് കമ്പികൾ തയ്യാറാക്കുന്ന പണിയാണ് നടക്കുന്നത്. പാലത്തിന്റെ പ്രധാന സ്പാൻ വരുന്നത് തോടിന്റെ മധ്യത്തിലാണ്. ഇതിന്റെ നിർമാണത്തിനുവേണ്ടി വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും. ബാക്കി രണ്ട് സ്പാനുകൾ പൈലിംഗ് നടത്തിയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ പണി ജൂണിൽ നിർത്തുകയായിരുന്നു.
പാലക്കാട്-കുളപ്പുള്ളി പാതയിൽ തിരക്കേറിയ പട്ടണങ്ങളിലൊന്നായ ഒറ്റപ്പാലത്തെ കുപ്പിക്കഴുത്താണ് ഈസ്റ്റ് ഒറ്റപ്പാലത്തെ പാലം.
ഇവിടെ എന്നും ഗതാഗതതിരക്കാണ്. പാലത്തിന്റെ കാലപ്പഴക്കം പരിഗണിച്ചും ഗതാഗതക്കുരുക്കിനുള്ള ശാശ്വത പരിഹാരമെന്ന നിലയ്ക്കുമാണ് പുതിയ പാലം നിർമിക്കുന്നത്. 5.08 കോടിരൂപ ചെലവിലാണ് നിർമാണം. മൂന്ന് സ്പാനോടുകൂടി 50 മീറ്റർ നീളമുള്ള പാലത്തിന് നടപ്പാതയടക്കം ഒമ്പത് മീറ്റർ വീതിയുണ്ടാകും. പാലത്തിന്റെ ഇരുവശങ്ങളിലുമായി 125 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. നിലവിൽ പാലത്തിന്റെ വടക്കുഭാഗത്തുള്ള രണ്ട് സ്മാരകങ്ങളെയും ബാധിക്കാത്ത വിധത്തിലാണ് പാലംനിർമിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. പഴയപാലവും അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് വിനിയോഗിക്കും. കണ്ണിയംപുറംപാലം മാതൃകയിൽ ഇരുവശങ്ങളിലേക്കും സഞ്ചരിക്കാവുന്ന വിധത്തിൽ ഓരോപാലങ്ങൾ ഉപയോഗിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.