ക്രിസ്മസ്-പുതുവത്സരാഘോഷം: എക്സൈസ് വകുപ്പിന്റെ സ്പെഷൽ ഡ്രൈവ് തുടങ്ങി
1486136
Wednesday, December 11, 2024 6:42 AM IST
പാലക്കാട്: ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്കടത്ത്, അനധികൃത മദ്യം ഉണ്ടാക്കൽ, അനധികൃത മദ്യ വില്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയ്ക്ക് (സ്പെഷൽ ഡ്രൈവ്) ജില്ലയിൽ തുടക്കമായി. 2025 ജനുവരി നാലു വരെയാണ് സ്പെഷൽ ഡ്രൈവ്.
ഡ്രൈവിന്റെ ഭാഗമായി ചിറ്റൂർ താലൂക്കിൽ തമിഴ്നാട് അതിർത്തി റോഡുകളിൽ കെഇഎംയു ബോർഡർ പട്രോളിംഗ് യൂണിറ്റ്, ദേശീയ പാതയിലുള്ള വ്യാജകടത്ത് തടയുന്നതിനായി പ്രത്യേക ഹൈവേ പട്രോളിംഗ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം. രാകേഷ് അറിയിച്ചു.
പരിശോധനയ്ക്കായി ജില്ലയിൽ സ്ട്രൈക്കിംഗ് ഫോഴ്സുകളെന്ന പേരിൽ മൂന്ന് പ്രത്യേക പട്രോളിംഗ് സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് ഓരോ സ്ക്വാഡുകളും പ്രവർത്തിക്കുക.
കള്ള്ഷാപ്പുകൾ ഉൾപ്പടെ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഈ കാലയളവിൽ പ്രത്യേകം നിരീക്ഷിക്കും. ഡിസ്റ്റിലറി, ബ്രൂവറികളിലും പ്രത്യേകം നിരീക്ഷണം നടത്തിവരുന്നുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, പോലീസ്, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് കൂടുതൽ സംയുക്ത പരിശോധന നടത്തും. പോലീസ് ഡോഗ് സ്ക്വാഡും എക്സൈസും സംയുക്തമായി എല്ലാ ചെക്ക് പോസ്റ്റുകളിലും, റെയിൽവേ സ്റ്റേഷനുകളിലും, പാർസൽ, കൊറിയർ സർവീസ് തുടങ്ങിയ കേന്ദ്രങ്ങളിലും പരിശോധന നടത്തും.
അഗളി, ചിറ്റൂർ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പ്രത്യേക റെയ്ഡുകൾ ഉണ്ടാകും. അതിർത്തി വഴികളിലൂടെയുള്ള കടത്ത് തടയുന്നതിനായി കർശനമായി നിരീക്ഷണം നടത്തുകയും അന്തർസംസ്ഥാന യോഗം വിളിച്ചു ചേർക്കുകയും ചെയ്യും. സൈബർസെൽ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെ മുൻപ്രതികളെ നിരീക്ഷിച്ചു വരുന്നതായും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
ചിറ്റൂരിലെ കള്ള് ചെത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
കള്ള് ചെത്ത് തോട്ടങ്ങൾ അടക്കമുള്ള പ്രദേശങ്ങളിൽ പ്രത്യേക തോപ്പ് പരിശോധന സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
അബ്കാരി, എൻഡിപിഎസ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതു ജനങ്ങൾക്ക് ജില്ലാതല കണ്ട്രോൾ റൂമിലും താലൂക്ക്തല കണ്ട്രോൾ റൂമുകളിലും അറിയിക്കാം.