വീട്ടമ്മയെ കണ്ടെത്താൻ വനമേഖലയിൽ ഡ്രോൺ പരിശോധന
1485752
Tuesday, December 10, 2024 4:28 AM IST
നെന്മാറ: കാണാതായ വീട്ടമ്മയെ 21 ദിവസമായിട്ടും വിവരം ലഭിച്ചില്ല. ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക(70)യെയാണ് നവംബർ 18ന് നെന്മാറ കണിമംഗലത്തെ വാടകവീട്ടിൽനിന്നും കാണാതായത്. തങ്കയെ കാണാനില്ലെന്ന് മകൾ ചന്ദ്രിക നെന്മാറ പോലീസിൽ പരാതി നൽകിയിരുന്നു.
കാണാതായ നാൾമുതൽ പ്രാദേശിക സാമൂഹ്യമാധ്യമ കൂട്ടായ്മകളിലും മറ്റും ഫോട്ടോ സഹിതം പ്രദേശവാസികൾ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികളും പ്രദേശവാസികളും റബർതോട്ടത്തിന് സമീപത്തുകൂടെ തങ്കയോട് രൂപസാദൃശ്യമുള്ളയാൾ നടന്നുപോകുന്നത് കണ്ടിരുന്നതായി വിവരം നൽകിയത്.
അന്വേഷണത്തിൽ സമീപത്തെ വീട്ടിൽ വെള്ളം ചോദിച്ചു വയോധിക വന്നിരുന്നതായും വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് നെന്മാറ പോലീസും തിരുവഴിയാട് വനം സെക്ഷൻ ജീവനക്കാരും, വനം വാച്ചർമാർ, ഹോം ഗാർഡുകാർ, പാലക്കാടുനിന്ന് വന്ന പോലീസ് നായ എന്നിവയുടെ സഹായത്തോടെ വനമേഖലയിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. പൂഞ്ചേരി ഭാഗത്തെ റബർ തോട്ടങ്ങളിലും, വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും പുഞ്ചേരി അരക്കുന്ന് വനമേഖലയിൽ രണ്ട് കിലോമീറ്ററോളം ഉൾവനത്തിലും പ്രദേശവാസികളുടെ സഹായത്തോടെ സംയുക്ത ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും തങ്കയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
ഇതേത്തുടർന്നാണ് പോലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് സംശയാസ്പദമായ മേഖലകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ അന്വേഷണ പുരോഗതിക്ക് ആവശ്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന് നെന്മാറ പോലീസ് പറഞ്ഞു.
നെന്മാറ സർക്കിൾ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ അബ്ദുൾ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ ബാബു, റഫീസ്, സുഭാഷ്, സ്പെഷൽ ബ്രാഞ്ച് ഡ്രോൺ ടീം അംഗങ്ങളായ ഷമീർ, സുരേഷ്, പഞ്ചായത്തംഗം മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തിയത്.