പനമണ്ണയിൽ കാട്ടുപന്നിശല്യം രൂക്ഷം, നെൽകർഷകർ വലയുന്നു
1486150
Wednesday, December 11, 2024 6:43 AM IST
ഒറ്റപ്പാലം: കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം. രണ്ടാംവിള കൃഷിയിറക്കിയ പനമണ്ണ അമ്പലവട്ടത്തെ കർഷകർക്ക് പറയാനുള്ളത് ദുരിതകഥ. പനമണ്ണ ഭാഗത്ത് 23 ഏക്കർ സ്ഥലത്തെ കതിരുവന്ന നെൽക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു.
പനമണ്ണ അമ്പലവട്ടം വെസ്റ്റ് പാടശേഖരത്തിൽ ഏകദേശം 40 കർഷകർ 32 ഏക്കർ സ്ഥലത്ത് ഇറക്കിയ കൃഷിയിലാണ് കാട്ടുപന്നികൾ നാശം വരുത്തിയത്. ഇതിൽ പ്രധാനമായി 23 കർഷകർക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. തോടുകളോ കനാൽവെള്ളമോ ഇല്ലാത്തതിനാൽ മഴയെ മാത്രം ആശ്രയിച്ചാണ് അമ്പലവട്ടത്ത് കൃഷിയിറക്കുന്നത്. കാലാവസ്ഥാപ്രശ്നം കാരണം ഇത്തവണ ഒന്നാംവിള കൊയ്തെടുക്കാൻ കഴിയാതിരുന്ന കർഷകർ രണ്ടാംവിളയെ ആശ്രയിക്കുകയായിരുന്നു.
കൃഷി സംരക്ഷിക്കാൻ പാടങ്ങൾക്കുചുറ്റും കമ്പി ഉപയോഗിച്ചും മറ്റും വേലി കെട്ടിയിട്ടുണ്ട്. രാത്രിസമയങ്ങളിൽ പടക്കം പൊട്ടിച്ചും പന്നികളെ അകറ്റാനുള്ള ശ്രമം നടത്തിനോക്കി. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ പെയ്ത ചെറിയമഴയിൽ പാടങ്ങളിൽ അത്യാവശ്യം വെള്ളമെത്തിയതോടെ പന്നികൾ കൂട്ടത്തോടെ എത്തുകയായിരുന്നു. കൃഷി പലഭാഗങ്ങളിൽ നശിപ്പിച്ചതിനാൽ കൊയ്തെടുക്കാൻ പറ്റില്ലെന്നാണ് കർഷകർ പറയുന്നത്. വെള്ളം വറ്റിയാൽ ഇവയുടെ ശല്യം വർധിക്കുമെന്നും കർഷകർ പറയുന്നു. പന്നികൾക്കൊപ്പം മയിൽ ശല്യവും പ്രദേശത്തുണ്ട്.