വടക്കഞ്ചേരി ടൗണിലെ അനധികൃത പാർക്കിംഗിനെതിരേ ഇന്നുമുതൽ നടപടി
1485753
Tuesday, December 10, 2024 4:28 AM IST
വടക്കഞ്ചേരി: കുത്തഴിഞ്ഞു കിടക്കുന്ന വടക്കഞ്ചേരി ടൗണിലെ ട്രാഫിക് സംവിധാനം നേരെയാക്കാൻ രണ്ടുവർഷം മുമ്പ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ടൗണിലെ അനധികൃത പാർക്കിംഗിനെതിരെ ഇന്നുമുതൽ നടപടി തുടങ്ങും. ആദ്യ ദിവസങ്ങളിൽ മുന്നറിയിപ്പുകൾ നൽകും. ആവശ്യമുള്ളിടത്ത് ബോർഡുകൾ സ്ഥാപിക്കും. തുടർന്ന് പിഴചുമത്തലും വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളെടുക്കാൻ ഇന്നലെ പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി യോഗം തീരുമാനിച്ചു.
ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പെടുന്ന സ്ക്വാഡുകളുടെ പ്രവർത്തനമുണ്ടാകും. നടപടികളിലേക്ക് നീങ്ങുമ്പോൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്വന്തക്കാരെയും വേണ്ടപ്പെട്ടവരേയും ഒഴിവാക്കുന്ന പതിവുശീലം ഉണ്ടാകരുതെന്ന് യോഗത്തിൽ അഭിപ്രായങ്ങളുണ്ടായി.
എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിലെ വടക്കഞ്ചേരി ടൗണിനെ വൃത്തിയുള്ള നഗരമാക്കാനാകു എന്ന് യോഗത്തിൽ അധ്യക്ഷയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് പറഞ്ഞു. പകൽ സമയത്തെ വഴിയോര കച്ചവടം ഒഴിവാക്കും. ടൗൺ റോഡിലെ പച്ചമത്സ്യ വില്പന പൂർണമായും നിരോധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ചെറുപുഷ്പം ജംഗ്ഷൻ മുതൽ തങ്കം ജംഗ്ഷൻ വരെ ടൗണിൽ മൂന്നോ നാലോ ഓട്ടോസ്റ്റാൻഡുകൾ മാത്രമാണ് പഞ്ചായത്ത് അംഗീകൃതമായുള്ളത്. മറ്റുള്ളതെല്ലാം അനധികൃതമാണ്.
എന്നാൽ ആവശ്യമുള്ള സ്ഥലങ്ങളിൽ പുതിയ സ്റ്റാൻഡുകൾ പരിഗണിക്കും. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു പരിശോധിക്കും. വഴിയോരങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് കച്ചവടം നടത്തുന്നത് പെർമിറ്റ് ലംഘനമായി കണ്ട് നടപടി എടുക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ശ്രീകല യോഗത്തിൽ അറിയിച്ചു. ഇത് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്റെ തന്നെ ഏഴ് കച്ചവട വണ്ടികൾ വരെ ടൗണിൽ പലയിടത്തായി നിർത്തിയിടുന്നുണ്ടെന്ന് യോഗത്തിൽ ആരോപണമുയർന്നു.
പെർമിറ്റില്ലാതെ ടൗണിലോടുന്ന ഓട്ടോറിക്ഷകൾക്കെതിരെയും നടപടിയെടുക്കും. വെയിൽ, മഴ എന്നിവയുടെ പേരിൽ കടകൾക്കു മുന്നിൽ അനധികൃതമായി ഇറക്കികെട്ടിയിട്ടുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കാൻ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നിർദേശം നൽകിയതായും പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞ മാസം 22 ന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് 2022 സെപ്റ്റംബറിൽ എടുത്ത തീരുമാനങ്ങൾ അതേപടി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടികൾ വൈകുന്നതിനെതിരെ വലിയ വിമർശനങ്ങളും യോഗത്തിലുണ്ടായി.
ടൗണിൽ ഹൈമാസ്റ്റ് ലൈറ്റുള്ള പ്രധാന സെന്ററിൽ മാത്രം ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കും. യോഗത്തിൽ രാഷ്ട്രീയ വ്യാപാര സംഘടനകളെ പ്രതിനിധീകരിച്ച് എ. പ്രഭാകരൻ, കെ.എം.ജലീൽ, പി.കെ. ഗുരു, സി.കെ.അച്യുതൻ, ഇല്ല്യാസ് പടിഞ്ഞാറെകളം, സി. തമ്പു, അവറാച്ചൻ, കെ. മോഹൻദാസ്, സെയ്തലവി, അബ്ബാസ്, പഞ്ചായത്ത് മെംബർമാർ, ഹെൽത്ത് ഇൻസ്പെക്ടർ രാജഗോപാൽ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് അധികൃതർ തുടങ്ങിയവർ പ്രസംഗിച്ചു.