വൈദ്യുതിമന്ത്രിയുടെ ഓഫീസിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ ലാത്തിച്ചാർജ്
1485751
Tuesday, December 10, 2024 4:28 AM IST
ചിറ്റൂർ: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് വൈദ്യുതി മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിവീശി. അഞ്ചോളം യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ചിറ്റൂർ കച്ചേരിമേട്ടിലെ മന്ത്രിയുടെ ഓഫീസിന് മുന്നിൽവെച്ചായിരുന്നു പോലീസ് അതിക്രമം.
വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെ തുടർന്നുള്ള രോഷം പ്രകടിപ്പിക്കാനായിരുന്നു യൂത്ത് കോണ്ഗ്രസ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. അണിക്കോട് നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിന് മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു.
തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശുകയായിരുന്നുവെന്ന് പ്രവർത്തകർ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എ. ഷഫീക്, ചിറ്റൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. ഗണേഷ്, ചിറ്റൂർ മണ്ഡലം പ്രസിഡന്റ് സോനു പ്രണവ്, നേതാക്കളായ പ്രമോദ് തണ്ടലോട്, അബിൻ ശങ്കർ പ്ലാക്കാട്ട് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ.് ജയഘോഷ് അധ്യക്ഷനായി.
സംസ്ഥാന ഭാരവാഹികളായ ഷഫീക് അത്തിക്കോട്, സി. വിഷ്ണു, ജിതേഷ് നാരായണൻ, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കെ.എസ് തണികാചലം, ജില്ലാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി ഭാരവാഹികളായ വിനീഷ് കരിന്പാറ, എ. ഷഫീക്, വി. വത്സൻ, പി.ടി. അജ്മൽ, ശ്യാം ദേവദാസ്, സാജൻ കോട്ടപ്പാടം, മനു എന്നിവർ നേതൃത്വം നൽകി.