ഹൈക്കോടതി ഉത്തരവുപ്രകാരമുള്ള ജില്ലയിലെ ആദ്യ ആനഎഴുന്നള്ളത്ത് മനിശീരിയിൽ നടന്നു
1486155
Wednesday, December 11, 2024 6:43 AM IST
ഷൊർണൂർ: അയ്യപ്പൻവിളക്കിന് ആന എഴുന്നള്ളിപ്പ് നടന്നത് ഹൈക്കോടതിയുടെ വിധിപ്രകാരം. കോടതി പുതുതായി ഉത്തരവിട്ടനിയന്ത്രണങ്ങൾ പാലിച്ച് ജില്ലയിൽ നടന്ന ആദ്യ ആനഎഴുന്നള്ളിപ്പ് മനിശീരി ആറംകുളം ദേശവിളക്കായിരുന്നു. വരിക്കാശേരിമനയിൽ നാല് ആനകളെ മൂന്നുമീറ്റർ അകലംപാലിച്ച് അണിനിരത്തിയാണ് എഴുന്നള്ളിച്ചത്.
റോഡിലൂടെയുള്ള തിരിച്ചെഴുന്നള്ളിപ്പും വരിവരിയായി മൂന്നുമീറ്റർ അകലംപാലിച്ചാണ് നടത്തിയത്. അയ്യപ്പൻവിളക്കിന് അഞ്ച് ആനകളുടെ എഴുന്നള്ളിപ്പ് രജിസ്റ്റർ ചെയ്ത അപൂർവം കമ്മിറ്റികളിലൊന്നാണ് ആറംകുളം. എന്നാൽ, ഒരു ആന എത്തിയിരുന്നില്ല. ഇതാണ് നാല് ആനകളെ എഴുന്നള്ളിക്കാൻ കാരണം.
മൂന്നുമീറ്റർ അകലം പാലിച്ച് ആനകളെ നിർത്തിയാൽ എഴുന്നള്ളിപ്പിന്റെ ഭംഗി നഷ്ടപ്പെടുമെന്നുകണ്ട് രണ്ട് ആനകൾക്ക് തിടമ്പും കൂട്ടാനകൾക്കുമുകളിൽ ദേവന്മാരുടെ ചിത്രവും വച്ചാണ് എഴുന്നള്ളിച്ചത്.
വൈകുന്നേരം നാലിനുശേഷമാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. ആന എഴുന്നള്ളിപ്പിന് ഹൈക്കോടതിയുടെ കർശനനിർദേശം വന്നതോടെ രജിസ്റ്റർ ചെയ്യാത്ത അയ്യപ്പൻവിളക്ക് കമ്മിറ്റികൾ പ്രതിസന്ധിയിലാണ്. ഒറ്റപ്പാലം ഭാഗത്തെ ചില അയ്യപ്പൻവിളക്കുകൾക്ക് ആനകളെ എഴുന്നള്ളിക്കാൻ എത്തിച്ചെങ്കിലും അനുമതിയില്ലാത്തതുമൂലം തിരിച്ചയക്കേണ്ടിവന്നു.
അനുമതിക്കായി ഒരുമാസംമുൻപ് ജില്ലാ മോണിറ്ററിംഗ് സമിതിക്ക് അപേക്ഷ നൽകണം. ആനയെ എഴുന്നള്ളിക്കുന്ന സമയം, സ്ഥലം എന്നിവയൊക്കെ ഇതോടൊപ്പം നൽകണം. നിയമത്തിന്റെ നൂലാമാല നിമിത്തം വലിയ പ്രതിസന്ധിയാണ് ഉത്സവങ്ങൾ നേരിടുന്നത്.