ഒറ്റപ്പാലത്ത് അമൃത് പദ്ധതിയിൽ കല്ലുകടി
1486152
Wednesday, December 11, 2024 6:43 AM IST
ഒറ്റപ്പാലം: അമൃത് പദ്ധതിയിൽ കുടിവെള്ള കണക്ഷൻ നൽകിയതിനെതിരെ പരാതി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കണക്ഷനുകൾ നൽകിയതെന്നാണ് വിമർശനം. നഗരസഭയിലെ കൗൺസിലർമാരാണ് ആക്ഷേപമുന്നയിച്ചിരിക്കുന്നത്. ഓരോ വാർഡിനും പലകണക്കിലാണ് കണക്ഷൻ അനുവദിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.
കണക്ഷൻ തുല്യമായി നൽകിയിട്ടില്ല. ചില വാർഡിൽ നൂറിലേറെപ്പേർക്ക് കണക്ഷൻ നൽകിയിട്ടുമുണ്ട്. ചിലയിടത്ത് 30 പേർക്കുപോലും നൽകിയിട്ടില്ല. കിണറും കുഴൽക്കിണറുമുൾപ്പെടെയുള്ളവർക്ക് കണക്ഷൻനൽകിയ സംഭവങ്ങളുണ്ട്. പല ജലസ്രോതസുകളിൽനിന്നായി വെള്ളം കൊണ്ടുവരുന്ന കുടുംബങ്ങൾക്കുപോലും കണക്ഷൻ നൽകാത്തതായുണ്ട്. ഏത് മാനദണ്ഡപ്രകാരമാണ് കണക്ഷൻ നൽകിയതെന്ന് അറിയണമെന്നാണ് കൗൺസിലർമാരുടെ ആവശ്യം.
സിപിഎം, ബിജെപി, കോൺഗ്രസ് തുടങ്ങിയ കൗൺസിലർമാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നഗരസഭാപരിധിയിലാകെ 3,500 പേർക്കാണ് കുടിവെള്ള കണക്ഷൻ നൽകേണ്ടത്. ഇതിൽ ആദ്യഘട്ടത്തിൽ 2,000 പേർക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. പരാതികൾ പരിശോധിക്കാൻ ജല അഥോറിറ്റി അധികൃതരുമായി ചേർന്ന് 16-ന് യോഗം നടത്താമെന്ന് നഗരസഭാധ്യക്ഷ കെ. ജാനകിദേവി അറിയിച്ചു.
കണക്ഷൻ കൊടുക്കാൻ ബാക്കിയുള്ളവർക്ക് ഇത് അനുവദിക്കാൻ പ്രത്യേക ഫണ്ടുണ്ടെന്ന് ജല അഥോറിറ്റി അറിയിച്ചെന്നും വിഷയം ചർച്ചചെയ്ത് പരിഹരിക്കുമെന്നും അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.