ഒറ്റപ്പാലം താലൂക്ക് ആശുപത്രി കാന്റീൻ തുറക്കാൻ ബദൽമാർഗമാരായുന്നു
1486141
Wednesday, December 11, 2024 6:43 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രി കാന്റീൻ നടത്തിപ്പിനു പുതിയ ദർഘാസ് ക്ഷണിക്കുകയോ നിലവിലെ കരാർ എടുക്കാൻ തയ്യാറായ രണ്ടാമത്തെ കരാറുകാരനെ എൽപ്പിക്കുകയോ ചെയ്യുന്ന നടപടി അനുവർത്തിക്കാൻ തീരുമാനിച്ചതായി നഗരസഭാ അധ്യക്ഷ കെ. ജാനകിദേവി പറഞ്ഞു.
രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കി താലൂക്കാശുപത്രിയിലെ കാന്റീൻ വീണ്ടും പൂട്ടിയ സാഹചര്യത്തിലാണ് നഗരസഭ ബദൽ മാർഗം ആരായുന്നത്.
ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശുപത്രി സൂപ്രണ്ടിന്റെ ആരോപണവും നടത്തിപ്പു ലാഭകരമല്ലെന്ന കരാറുകാരന്റെ നിലപാടുമുൾപ്പെടെ നിലനിൽക്കുന്നതിനിടെയാണു കാന്റീൻ കഴിഞ്ഞ ദിവസം വീണ്ടും പൂട്ടിയത്. വ്യക്തമായ കാരണം അറിയിക്കാതെയാണു കരാറുകാരൻ കാന്റീൻ അടച്ചതെന്നു നഗരസഭാ അധികൃതർ പറഞ്ഞു.
കഴിഞ്ഞമാസം സൂപ്രണ്ടിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച് കരാറുകാരൻ കാന്റീൻ അടച്ചിരുന്നു. തുടർന്ന് നഗരസഭാധ്യക്ഷ കെ. ജാനകിദേവിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ചു കാന്റീൻ വീണ്ടും തുറക്കുകയായിരുന്നു.
പുറത്തെ ഹോട്ടലുകാരുടെ ഇടപെടൽ വലിയ സാമ്പത്തികനഷ്ടം സൃഷ്ടിക്കുന്നുവെന്നും പ്രവർത്തനത്തിന് ആനുപാതികമായ വരുമാനം ലഭിക്കുന്നില്ലെന്നും ഉന്നയിച്ചു പലതവണ സൂപ്രണ്ടിനു പരാതി നൽകിയതായാണ് കരാറുകാരൻ അന്ന് ചെയർപേഴ്സണു നൽകിയ കത്തിൽ പറഞ്ഞത്. എന്നാൽ ഭക്ഷണം മോശമായതിനെത്തുടർന്ന് ഗുണനിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് സൂപ്രണ്ട് പറഞ്ഞത്.
ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണെന്നു കഴിഞ്ഞദിവസം താലൂക്ക് വികസന സമിതി യോഗത്തിലും ആശുപത്രി സൂപ്രണ്ട് ആവർത്തിച്ചു. ഒൻപതുമാസത്തെ അടച്ചിടലിനൊടുവിൽ കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ കരാറുകാരന്റെ കീഴിൽ കാന്റീൻ പ്രവർത്തനം തുടങ്ങിയത്.
55,000 രൂപയായിരുന്ന പ്രതിമാസ വാടക 27,000 രൂപ ആക്കിയിരുന്നു. കാന്റീൻ വീണ്ടും അടച്ചിട്ട തോടെ ബുദ്ധിമുട്ടിലാകുന്നത് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാണ്.