വനിതാ സ്വയംസഹായസംഘത്തിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു
1485760
Tuesday, December 10, 2024 4:28 AM IST
കോയമ്പത്തൂർ: പലിശരഹിത വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി കോയമ്പത്തൂർ ചിന്നിയംപാളയത്തെ വനിതാ സ്വയംസഹായസംഘത്തിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
സൂലൂരിനടുത്ത് സേലക്കരിച്ചാലിലെ അൻപഴകനും വിജയയുമാണ് കോയമ്പത്തൂർ ചിന്നിയംപാളയത്തുള്ള വനിതാ സ്വയംസഹായ സംഘത്തെ സമീപിച്ചത്. ട്രസ്റ്റ് നടത്തുന്നതായി അവകാശപ്പെട്ട ഇവർ ഭിന്നശേഷിയുള്ളവരുടെ പേരിൽ ട്രസ്റ്റ് തുടങ്ങിയാൽ വിദേശത്ത് നിന്ന് പലിശരഹിതവായ്പ ലഭിക്കുമെന്ന് പറഞ്ഞു.
തുടർന്ന്, 6.75 കോടി രൂപ പലിശരഹിത വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അൻപഴകനും വിജയയും സ്വാശ്രയ സംഘത്തിലെ 28 സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി. മുൻകൂർ തുക നൽകണമെന്ന് അവർ പറഞ്ഞു. ഇത് വിശ്വസിച്ച യുവതികൾ ആദ്യം അഞ്ച് ലക്ഷം രൂപ വീതം ഇരുവർക്കും നൽകി, ആകെ 10 ലക്ഷം രൂപ.
എട്ടിന് 6.75 കോടി രൂപയുണ്ടെന്ന് കാണിച്ച് അൻപഴകനും വിജയയും പണപ്പെട്ടി കൈമാറി. എന്നാൽ, പെട്ടി തുറന്നപ്പോൾ അതിൽ കടലാസ് കെട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് വനിതാ സംഘം സൂലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അൻപഴകനെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന വിജയയ്ക്കായി തെരച്ചിൽ നടത്തിവരികയാണ്.