ജില്ലയിൽ 76 കുഷ്ഠരോഗികൾ; തീവ്രത കൂടിയവർ 69 പേർ
1486342
Thursday, December 12, 2024 1:49 AM IST
പാലക്കാട്: ദേശീയ കുഷ്ഠരോഗനിർമാർജന പരിപാടിയുടെ ഭാഗമായുള്ള സന്പർക്കരോഗചികിത്സയ്ക്ക് ജില്ലയിൽ തുടക്കമായി. കുഷ്ഠരോഗികളുടെ സന്പർക്ക പട്ടികയിലുള്ളവർക്കു പ്രതിരോധ മരുന്ന് നൽകുന്ന പദ്ധതിയാണ് സന്പർക്കചികിത്സാ പദ്ധതി.
കേരളത്തിൽ തമിഴ് നാടിനോടു ചേർന്നുകിടക്കുന്ന പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. നിലവിൽ ആകെ 76 രോഗികളാണ് ജില്ലയിലുള്ളത്. ഇതിൽ 69 പേർ രോഗതീവ്രത കൂടുതലുള്ളവരും ഏഴുപേർ രോഗതീവ്രത കുറഞ്ഞവരുമാണ്.
കുഷ്ഠരോഗം
ലെപ്രസി അഥവാ കുഷ്ഠരോഗം മൈക്കോബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയമൂലം പകരുന്ന രോഗമാണ്. പ്രധാനമായും തുമ്മുകയും ചീറ്റുകയും ചെയ്യുന്പോഴുള്ള വായു കണികകളിലൂടെയാണ് രോഗം പകരുന്നത്. ഇതൊരു പാരന്പര്യ രോഗമല്ല. രോഗിയായ ഒരാളിൽ നിന്നും രോഗാണുക്കൾ വായുവിലൂടെ രോഗമില്ലാത്ത വേറൊരു ആളിൽ എത്തിയാൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ രണ്ടു മുതൽ അഞ്ചുകൊല്ലം വരെയെടുക്കും. ഇതാണ് പുതിയ രോഗികളെ കണ്ടെത്തുന്നതിനു പ്രധാന വെല്ലുവിളി.
രോഗലക്ഷണങ്ങൾ
തൊലിപ്പുറമേ പ്രത്യക്ഷപ്പെടുന്ന നിറംമങ്ങിയ പാടുകൾ, ഈ പാടുകളിൽ വിയർപ്പില്ലാതിരിക്കുക, രോമങ്ങൾ ഇല്ലാതിരിക്കുക, ചൂടും തണുപ്പും അറിയാതിരിക്കുക, സ്പർശനശേഷി കുറയുക എന്നിവയാണ് പ്രധാനമായും കാണുന്നത്.
തുടക്കത്തിൽ ഒന്നോരണ്ടോ മാത്രം കാണുന്ന പാടുകളുടെ എണ്ണം രോഗ തീവ്രത കൂടുന്നതിനനുസരിച്ച് എണ്ണവും കൂടും. ക്രമേണ ഞരന്പുകളുടെ ശക്തി കുറയുകയും കൈ, കാൽ, വിരലുകൾ എന്നിവയുടെ പ്രവർത്തനശേഷി കുറയുകയും ചെയ്യും.
കണ്ണുകൾ മുറുക്കി അടയ്ക്കാൻ പറ്റാതിരിക്കുകയും തുടർന്ന് കണ്ണിൽ അണുബാധയുണ്ടായി കാഴ്ച ശക്തി കുറയുകയും ചെയ്യാം.
കാലിലേയും കൈയ്യിലേയും സ്പർശനശേഷി കുറഞ്ഞ് മുറിവുകളും വ്രണങ്ങളും ഉണ്ടാകുകയും തുടരെ തുടരെ അണുബാധയുണ്ടാകുകയും വിരലുകൾ നഷ്ടപ്പെടുന്ന അവസ്ഥയും വന്നുചേരാം.
രോഗം എങ്ങനെ തടയാം
എത്രയും വേഗം രോഗം കണ്ടെത്തുകയും പൂർണമായ ചികിത്സ എടുക്കുകയും ചെയ്താൽ സന്പൂർണ രോഗമുക്തി നേടാവുന്നതാണ്. രോഗത്തിന്റെ തീവ്രത അനുസരിച്ച് ആറുമുതൽ 12 മാസം വരെ ഒന്നിൽ കൂടുതൽ മരുന്നുകൾ ഉപയോഗിച്ചാണ് ചികിത്സ.
മരുന്നുകൾ എല്ലാ ഗവണ്മെന്റ് ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിക്കും.
ഓരോ ആരോഗ്യ സ്ഥാപനത്തിന്റെയും കീഴിലുള്ള രോഗികളുടെ വീട്ടിലുള്ളവർ, ജോലി സ്ഥലത്തുള്ളവർ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവർക്കാണ് പ്രതിരോധ മരുന്ന് സൗജന്യമായി നൽകുന്നത്.
ഒരുഡോസ് റിഫാംപിസിൻ എന്ന മരുന്ന് ഇവർക്ക് നൽകിയാൽ 60 ശതമാനം ആളുകൾക്ക് അസുഖം വരാതെ നമുക്ക് രക്ഷപ്പെടുത്താം എന്നാണ് പഠനങ്ങൾ പറയുന്നത്.
കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തിൽ നടത്തുന്ന സന്പർക്കരോഗ ചികിത്സാപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊഴിഞ്ഞാന്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ. ഷാബിറ നിർവഹിച്ചു.