പാലിയേക്കരയിൽ പത്തു കിലോമീറ്ററിലെ താമസക്കാർക്കു സൗജന്യം; പന്നിയങ്കരയിൽ സൗജന്യം തുടരാനാകില്ലെന്നു കരാർ കമ്പനി
1485750
Tuesday, December 10, 2024 4:28 AM IST
വടക്കഞ്ചേരി: തൃശൂർ പാലിയേക്കരയിൽ പ്രദേശവാസികൾക്ക് സൗജന്യ പ്രവേശനം. എന്നാൽ 32 കിലോമീറ്റർ ഇപ്പുറത്തുള്ള പന്നിയങ്കരയിൽ കൺമുന്നിലുള്ള വീട്ടുകാർക്കു പോലും ടോൾ കൊടുക്കണമെന്ന് വാശി പിടിച്ച് കരാർ കമ്പനി. വായുദൂരം പത്തു കിലോമീറ്റർ ചുറ്റളവിലുള്ളവർക്കെല്ലാം പാലിയേക്കരയിൽ സൗജന്യ പ്രവേശനമാണ്.
ഇതിനായി വാഹനത്തിൽ പതിക്കാൻ പ്രത്യേക സ്റ്റിക്കറും ടോൾപ്ലാസയിൽ നിന്നും പ്രദേശവാസികൾക്ക് വിതരണം ചെയ്യുന്നുണ്ട്. നേരത്തെ ആറുമാസത്തെ കാലാവധിയിൽ നൽകിയിരുന്ന സ്റ്റിക്കർ ഇപ്പോൾ ഒരു വർഷത്തേക്കാക്കി ദീർഘിപ്പിക്കുകയും ചെയ്തു. ഓരോ വർഷവും ഇത് പുതുക്കി നൽകുകയാണ് ചെയ്യുന്നത്. റേഷൻകാർഡ്, ആർസി ബുക്ക്, ആധാർ എന്നീ മൂന്ന് രേഖകളുടെ കോപ്പികളും ടോൾ പ്ലാസയിൽ നിന്നുള്ള ഫോറവും പൂരിപ്പിച്ച് നൽകിയാൽ മതി. ഇതു പരിശോധിച്ച് ഒരു വർഷത്തേക്ക് വാഹനത്തിൽ ഒട്ടിക്കാനുള്ള സ്റ്റിക്കർ ടോൾ പ്ലാസയിൽ നിന്നും ലഭിക്കും.
പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഏതു ട്രാക്കിലൂടെ വേണമെങ്കിലും പോവുകയും ചെയ്യാം. നിശ്ചിത ട്രാക്കുകളുമില്ല. എന്നാൽ പന്നിയങ്കരയിലെത്തിയാൽ സ്ഥിതി ആകെ മാറി. പന്നിയങ്കര കേരളത്തിലല്ല എന്ന മട്ടിലാണ് കരാർ കമ്പനിയുടെ നിലപാട്.
സാങ്കേതികത്വം പറഞ്ഞാണ് പന്നിയങ്കരയിൽ ടോൾ കൊള്ളക്ക് ശ്രമം നടക്കുന്നത്. പാലിയേക്കരയിലേതുപോലെ പന്നിയങ്കരയിലും പ്രദേശവാസികൾക്ക് സൗജന്യപ്രവേശനം നൽകണമെന്ന് ആവശ്യപ്പെടാൻ ഭരണകക്ഷിക്കാരും തയാറല്ല. സമരങ്ങളിലൂടെ പുകമറ സൃഷ്ടിച്ച് വസ്തുത മൂടി വക്കുകയാണ് ഇപ്പോഴും.
പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെ എംഎൽഎ, എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സംസ്ഥാന സർക്കാരും അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്.
ഈ മാസം 20 നകം ടോൾ വിഷയത്തിൽ ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായില്ലെങ്കിൽ 21 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്നാണ് കരാർ കമ്പനി വീണ്ടും ഭീഷണിപ്പെടുത്തുന്നത്.