മണ്ണാർക്കാട്ട് മനുഷ്യജീവനും കൃഷിക്കും ഭീഷണിയായ 34 കാട്ടുപന്നികളെ വെടിവച്ചുകൊന്നു
1486156
Wednesday, December 11, 2024 6:43 AM IST
മണ്ണാർക്കാട്: മനുഷ്യജീവന് ഭീഷണിയുയർത്തുകയും കര്‍ഷകരുടെ ഉറക്കം കെടുത്തുകയും ചെയ്തിരുന്ന മുപ്പത്തിനാലോളം കാട്ടുപന്നികളെക്കൂടി വെടിയുതിര്‍ത്തുകൊന്നു.
മണ്ണാർക്കാട് നഗരസഭ പരിധിയിലെ പെരിമ്പടാരി, പോത്തോഴിക്കാവ്, മുക്കണ്ണം, നമ്പിയംകുന്ന്, കുന്തിപ്പുഴ, ചന്തപ്പടി പ്രദേശങ്ങളിൽ ആർആർടി അംഗങ്ങളായ കെ.പി. ഷാൻ, അലി നെല്ലേങ്ങര, വരിക്കത്ത് ചന്ദ്രൻ, വരിക്കത്ത് ദേവകുമാർ, വി.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വേട്ടപ്പട്ടികളെ ഉപയോഗിച്ച് കാട്ടുപന്നികളെ ഷൂട്ട് ചെയ്തത്.
ശല്യക്കാരായ 34 ഓളം പന്നികളെയാണ് മലപ്പുറം ഷൂട്ടേഴ്സിന്റെ നേതൃത്വത്തിലുള്ള ആർആർടി ടീം വെടിവെച്ചത്. കഴിഞ്ഞ മാസം മുക്കണ്ണത്ത് പന്നിയിടിച്ച് രണ്ടുപേർ മരണപ്പെട്ടിരുന്നു. തുടർന്ന് ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഷൂട്ടേഴ്സിനെ വിളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ വീണ്ടും നഗരസഭ ഷൂട്ടർമാരെ കൊണ്ടുവന്ന് ഷൂട്ട് ചെയ്യുകയായിരുന്നു. വരുംദിവസങ്ങളിലും ഇവരുടെ സേവനം ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.