മംഗലംഡാമിൽ അടിഞ്ഞുകൂടിയ മണ്ണിന്റെ തോതറിയാൻ എക്കോസൗണ്ടർ പരിശോധന
1486347
Thursday, December 12, 2024 1:49 AM IST
മംഗലംഡാം: കാലവർഷങ്ങളിൽ വൃഷ്ടിപ്രദേശങ്ങളായ മലമുകളിൽ ഉണ്ടാകുന്ന ഉരുൾപൊട്ടലിനെ തുടർന്ന് മംഗലംഡാം റിസർവോയറിലേക്ക് എത്തിയിട്ടുള്ള മണ്ണിന്റെ തോതറിയാൻ എക്കോ സൗണ്ടർ സംവിധാനം ഉപയോഗിച്ചുള്ള സർവേ നടത്തി. വെള്ളത്തിനടിയിലേക്ക് ശബ്ദം കടത്തിവിട്ട് അവിടെനിന്നുള്ള എക്കോ വരാനുള്ള സമയം കണക്കാക്കി ആഴം അളക്കുന്ന പരിശോധനയാണ് നടന്നത്.
പീച്ചിയിലെ കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷകസംഘമാണ് റിസർവോയറിൽ ബോട്ടിൽ യാത്ര ചെയ്ത് സർവേ നടത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ സി.ജെ. ദിവ്യ, അസിസ്റ്റന്റ് ഡയറക്ടർ ഷീന, റിസർച്ച് അസിസ്റ്റന്റുമാരായ കൃഷ്ണൻ, വിജിത തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് അഞ്ചുദിവസം നീണ്ട സർവേ പൂർത്തിയാക്കിയത്. റിസർവോയറിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണിന്റെ തോതും ഡാമിൽ എത്ര വെള്ളം സംഭരിക്കാനാകും എന്നതിനുമുള്ള പരിശോധനയാണ് നടത്തിയതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ദിവ്യ പറഞ്ഞു. ഇറിഗേഷൻ മലമ്പുഴ എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരമായിരുന്നു സർവേ. ഇതിനുമുമ്പ് 2015ലും 2008 ലുമാണ് ഇത്തരം സർവേ കെഇആർഐ ഡാമിൽ നടത്തിയിട്ടുള്ളത്.
2018 ലും 2019ലുമുണ്ടായ അതിവർഷവും തുടർന്ന് വൃഷ്ടിപ്രദേശങ്ങളായ മലകളിൽ തുടർച്ചയായി ഉണ്ടായ ഉരുൾപൊട്ടലുംമൂലം വൻതോതിലാണ് ഡാമിലേക്ക് മണ്ണും പാറകളും വന്നടിഞ്ഞിട്ടുള്ളത്. ഇതുമൂലം ജലസംഭരണശേഷി നന്നേ കുറഞ്ഞു. 2015ലെ പരിശോധനയിലും ഡാം മണ്ണ് നിറഞ്ഞ് നികന്നുവരുന്നതായി കണ്ടെത്തിയിരുന്നു. ആറ്പതിറ്റാണ്ട് മുമ്പ് ഡാം നിർമിക്കുമ്പോഴുള്ള സംഭരണശേഷി നോക്കിയാണ് ഇപ്പോഴത്തെ ജലസംഭരണശേഷി കണക്കാക്കുന്നത്. ഡാമിന്റെ സംഭരണശേഷിയിൽ 30 ശതമാനത്തിലേറെ കുറവ് വന്നിട്ടുണ്ടെന്നാണ് പുതിയ വിലയിരുത്തൽ.
ചെറിയ ഡാം എന്ന നിലയിൽ മണ്ണിന്റെ തോത് മംഗലംഡാമിൽ വളരെ കൂടുതലാണ്. ഇതിനാലാണ് കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ ഡാം നിറഞ്ഞ് സ്പില്വേ ഷട്ടറുകൾ തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കേണ്ടി വരുന്നത്. ഷട്ടർ ഭാഗത്ത് മാത്രമാണ് ഡാമിന് ഏറ്റവും ആഴമുള്ളത്. ഇവിടെ 16 മീറ്റർ ആഴമുണ്ട്. മറ്റു ഭാഗങ്ങളെല്ലാം മണ്ണ് നിറഞ്ഞ് നികന്നു. ഡാമിലെ മണ്ണ് നീക്കൽ പ്രവൃത്തികൾ രണ്ടുവർഷമായി മുടങ്ങിക്കിടക്കുകയാണ്. മണ്ണ് നീക്കി സംഭരണശേഷി വർധിപ്പിച്ചു വേണം നാല് പഞ്ചായത്തുകൾക്കുള്ള കുടിവെള്ള പദ്ധതിക്കും കൃഷിക്കുമുള്ള വെള്ളം കണ്ടെത്താൻ. 1956ൽ 106 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഡാമാണിത്. 68 വർഷത്തെ പഴക്കം എന്ന നിലയിൽ സുരക്ഷ കൂടി പരിശോധിച്ചാകും തുടർനടപടികൾ. കുടിവെള്ള പദ്ധതിക്കായി പ്രധാന ടാങ്കുകളുടെ നിർമാണം ഉൾപ്പെടെ വീടുകളിൽ ടാപ്പുകൾ സ്ഥാപിക്കൽവരെ പൂർത്തിയായിട്ടുണ്ട്.
എന്നാൽ ഇതിനുള്ള വെള്ളം എവിടെനിന്ന് കിട്ടും എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. മുടങ്ങികിടക്കുന്ന മണ്ണ് നീക്കൽ പ്രവൃത്തികൾ പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായാണ് ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണിന്റെ തോത് പരിശോധന വീണ്ടും നടത്തിയിട്ടുള്ളത്.