ഉത്സവാഘോഷ നിയന്ത്രണം: നിയമ നിർമാണം നടത്തണമെന്ന് ആവശ്യം
1485757
Tuesday, December 10, 2024 4:28 AM IST
ഒറ്റപ്പാലം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെട്ട് നിയമനിർമാണം നടത്തി ഉത്സവാഘോഷ നടത്തിപ്പു പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തം.
ഇക്കാര്യം ചിനക്കത്തൂരിൽ ചേർന്ന ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതിയുടെയും ഉത്സവ നടത്തിപ്പുകാരുടേയും യോഗത്തിൽ ഉയർന്നുവന്നു. നിയമക്കുരുക്കിൽപെട്ടു പ്രതിസന്ധിയിലായ ഉത്സവങ്ങൾ മങ്ങലേൽക്കാതെ നടത്താൻ സാഹചര്യമൊരുക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നുകഴിഞ്ഞു. ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നേരിടുന്ന പ്രതിസന്ധികൾക്കിടെയാണ് ചിനക്കത്തൂരിൽ യോഗം നടന്നത്. ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് ക്ഷേത്രകമ്മിറ്റികളും ഉത്സവനടത്തിപ്പുകാരും രംഗത്തെത്തിയിട്ടുണ്ട്.
ചിനക്കത്തൂർ പൂരം, നെന്മാറ– വല്ലങ്ങി വേല കമ്മിറ്റികൾ എന്നിവർ നേതൃത്വം നൽകുന്ന സമിതി ചിനക്കത്തൂരിൽ പൊതുയോഗം സംഘടിപ്പിച്ചാണ് ആവശ്യമുന്നയിച്ചത്.
കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ നേരിൽക്കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനും ചീഫ് ജസ്റ്റിസിനു കത്തയയ്ക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
നിയമനിർമാണം ആവശ്യപ്പെട്ടു മുഴുവൻ ഉത്സവ കമ്മിറ്റികളുടെയും പങ്കാളിത്തത്തോടെ 17നു കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
അനുമതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ആചാര അനുഷ്ഠാനങ്ങളും സംസ്കാരവും സംരക്ഷിച്ചു ജനകീയപങ്കാളിത്തത്തോടെ ഉത്സവങ്ങൾ നടത്തുമെന്നും യോഗം പ്രഖ്യാപിച്ചു കഴിഞ്ഞു. ജില്ലയിലെ അന്പതോളം ഉത്സവങ്ങളുടെ ഭാരവാഹികളും ആന ഉടമകളും വെടിക്കെട്ട് കരാറുകാരും യോഗത്തിനെത്തിയിരുന്നു.
പുതിയ മാർഗരേഖകളും ചട്ടഭേദഗതികളും ഓരോ ഉത്സവത്തെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. യോഗം മുൻ എംപി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.
നിയമങ്ങൾ അനുസരിക്കപ്പെടാൻ
മാത്രമുള്ളതല്ല: എസ്. അജയകുമാർ
ഒറ്റപ്പാലം: നിയമങ്ങൾ അനുസരിക്കപ്പെടാൻ മാത്രമുള്ളതല്ലെന്ന് മുൻ എംപി എസ്. അജയകുമാർ. ജനങ്ങൾക്ക് ഹിതകരമല്ലാത്ത നിയമങ്ങൾ ലംഘിക്കേണ്ടിവരും. അത്തരത്തിൽ ഹിതകരമല്ലാത്ത നിയമങ്ങൾ ലംഘിച്ച് മഹാത്മാഗാന്ധിയും സഹപ്രവർത്തകരും പ്രവർത്തിച്ചതുകൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ഓർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലയിലെ ഉത്സവക്കമ്മിറ്റി ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്സവങ്ങൾ പ്രതിസന്ധിയിലാവുന്നത് കേരളീയ സംസ്ക്കാരം അപകടത്തിലാകുന്നുവെന്നതിന്റെ സൂചനയാണ്. കൃഷി കേരളത്തിന്റെ സംസ്ക്കാരമാണ്. ആ സംസ്ക്കാരത്തോട് ബന്ധപ്പെട്ടാണ് ഉത്സവങ്ങളാരംഭിക്കുന്നത്. വിശ്വാസവും ആചാരവും ലംഘിക്കപ്പെടുന്നതിനെ കൂട്ടായി എതിർക്കണം. കേരള സംസ്ക്കാരവും വിശ്വാസവും എന്താണെന്ന് പലർക്കും വ്യക്തമാവാത്തതുകൊണ്ടാണ് ഇത്തരം ഉത്തരവുകൾ.
കേന്ദ്രസർക്കാരിനും വേണ്ടരൂപത്തിൽ കാര്യങ്ങൾ മനസ്സിലായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിയമനിർമാണ സഭകൾ ചർച്ചചെയ്ത് രൂപം നൽകുന്ന നിയമങ്ങൾ നടപ്പാക്കുകയും വ്യാഖ്യാനിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതുമാണ് ജുഡിഷ്യറിയുടെ ചുമതലയെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.